കാസറഗോഡ് : പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തില്‍ കെട്ടും മട്ടും മാറി ഹൈടെക് ആവുകയാണ് പിലിക്കോടെ സി കെ എന്‍ എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍. 2018 ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ അഞ്ച് കോടിയാണ് പിലിക്കോട് സകൂളിന് നീക്കിവെച്ചത്. ജില്ലയില്‍ തയ്യാറാകുന്ന അഞ്ച്് മികവിന്റെ മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്നാണിത്.ചന്തേരയിലെ ഓലപ്പുരയില്‍ യു പി സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്.
പിലിക്കോടിന് അക്ഷര വെളിച്ചം പകരുന്ന ഈ സ്‌കൂളിന് മൂന്ന് നിലകളിലായി രണ്ട് ബ്ലോക്കായാണ് പുതിയ ഹൈസ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.ഒന്നാമത്തെ ബ്ലോക്കില്‍ 12 ക്ലാസ് റൂമുകള്‍, ലാബ്, സ്റ്റാഫ് റൂം, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുള്ള ശുചിമുറികള്‍ എന്നിവയാണ് സജ്ജമാക്കിയിക്കുന്നത്.
രണ്ടാമത്തെ ബ്ലോക്കില്‍ ആറ് ക്ലാസ് റൂമുകളും രണ്ട് ഓഫീസ് മുറികളും, അതിഥി മുറി, ഭിന്നശേഷി കുട്ടികള്‍ക്കുള്ള മുറി, കംപ്യൂട്ടര്‍ ലാബ്,മീറ്റിങ് ഹാള്‍, സ്‌റ്റോര്‍ മുറി,പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുള്ള ശുചിമുറി സൗകര്യം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ കാസര്‍കോട് ഡവലപ്‌മെന്റ് പാക്കേജിന്റെ ഭാഗമായി ഹയര്‍സെക്കണ്ടി വിഭാഗത്തിനായി ഒരു കോടി രൂപ ചിലവില്‍ നാല് ക്ലാസ് റൂമുകളും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടന സജ്ജമാണ്. രണ്ട് വര്‍ഷം മുമ്പും കെ ഡി പിയുടെ ഭാഗമായി നാല് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചിരുന്നു.
നിരവധി പുരസ്‌കാരങ്ങള്‍
ഹൈസ്‌കൂളില്‍ മാത്രം 540 ഉം ഹയര്‍സെക്കണ്ടറിയില്‍ 50 0ഓളം വിദ്യാര്‍ത്ഥികളും ഈ സ്‌കൂളിലുണ്ട്. എട്ട് വര്‍ഷം തുടര്‍ച്ചയായി എസ് എസ് എല്‍ സിക്ക് നൂറുശതമാനം വിജയം നേടി. പ്ലസ്ടുവിനും ജില്ലയില്‍ തന്നെ മികച്ച വിജയം കരസ്ഥമാക്കുന്ന സ്‌കൂളുകളിലൊന്നാണിത്.
കലാകായിക ശാസ്ത്രമേഖലകളിലും സംസ്ഥാനത്തടക്കം മികച്ച നേട്ടം ഈ വിദ്യാലയത്തിനുണ്ട്.സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച പിടിഎ, ഹരിതവിദ്യാലയം, ഊര്‍ജ്ജസംരക്ഷണത്തിനുള്ള പുരസ്‌കാരം,മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം, മികച്ച എന്‍ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരം തൂടങ്ങി വിവിധ ജില്ലാ സംസ്ഥാന പുരസ്‌കാരങ്ങളും ഈ മാതൃക വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച പി ടി എയും വിദ്യാഭ്യസ തല്പരരായ ജനങ്ങളുമാണ് ഈ സ്‌കൂളിന്റെ വികസനത്തിനും നേട്ടങ്ങള്‍ക്കും പിന്നിലെന്ന് സ്‌കൂള്‍ പ്രഥമാധ്യാപിക എം രേഷ്മ പറഞ്ഞു.
സര്‍ഗവേളകള്‍
കോവിഡ് കാലത്ത് സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന പ്രശനങ്ങളെ പരിഹരിക്കാനായി ഓരോ ക്ലാസ് ഗ്രൂപ്പുകളിലും ശനിയാഴ്ചകളില്‍ സര്‍ഗ്ഗവേളകള്‍ നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് അവരുടെ കലാഭിരുചികളും പ്രവര്‍ത്തനങ്ങളും ക്ലാസ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്യും . വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ഗ്ഗ വേളകള്‍ക്കായി ഒരുപോലെ തയ്യാറാകുന്നു. ഇതുവരെ പൊതുവേദികളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിക്കാത്ത കുട്ടികള്‍ പോലും സര്‍ഗവേളകളില്‍ ഓണ്‍ലൈന്‍ സ്റ്റാറായി മാറുകയാണ്.