കാസറകോട് : മഴക്കാലപൂര്‍വ്വ ശുചീകരണം ജില്ലയില്‍ സമയബന്ധിതമായി നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജലാശയങ്ങള്‍ ശുചീകരിക്കുന്നതിനും ജല നിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാക്കുന്നതിനും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കും.
ശുചീകരണ തൊഴിലാളികളും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റു തൊഴിലാളികളും ആരോഗ്യം വകുപ്പ് കോവിഡ് വ്യാപനം തടയാന്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. മുഖാവരണവും കയ്യുറയും നിര്‍ബന്ധമായും ധരിക്കണം ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കണം ഗ്രാമപഞ്ചായ ത്തുകളുടെയും മുന്‍സിപാലിറ്റികളുടേയും നേതൃത്വത്തിലാണ് ശുചീകരണം നടത്തേണ്ടത്. റെഡ് സോണ്‍ ആയതിനാല്‍ തൊഴിലുറപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ 33 ശതമാനം പേര്‍ മാത്രമേ ഒരു ദിവസം തൊഴില്‍ ചെയ്യാന്‍ അനുവാദമുള്ളുവെന്ന് കളക്ടര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തുന്നത്. ഈ പ്രവൃത്തിയിലേര്‍പ്പെടുന്നവരെ പോലീസ് യാതൊരു കാരണവശാലും തടയരുതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുള്ള ജനപ്രതിനിധികള്‍ക്ക് യാത്രാനുമതി നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. വിശദമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ജില്ലാ ശുചിത്വമിഷനെ ചുമതലപ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പറഞ്ഞു. മേയ് 15നകം മഴക്കാലപൂര്‍വ്വ ശുചീകരണം പൂര്‍ത്തിയാക്കണം’ മുന്‍സിപ്പല്‍ ചെയര്‍മാന്മാരുടെ ചേമ്പര്‍ പ്രസിഡണ്ട് വി വി രമേശന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ എ ജലീല്‍ എ.ഡി.എം എന്‍ ദേവീദാസ് ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ലക്ഷമി എന്നിവരും യോഗത്തില്‍ പങ്കെടുത്തു
വെള്ളരിക്കുണ്ട് താലൂക്കില്‍ എലിപ്പനി മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സര്‍വ ലെന്‍സ് ഓഫീസറേയും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറേയും ചുമതലപ്പെടുത്തി. ശുചീകരണത്തിലും തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങിലും 60വയസിനു മുകളിലുള്ളവര്‍ ഏര്‍പ്പെടരുത്. ജലദോഷം പനി ചുമ ശ്വാസതടസ്സം എന്നിവയുള്ളവരും ഈ പ്രവര്‍ത്തങ്ങളിലേര്‍പ്പെടരുത.് പ്രമേഹം ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരും തൊഴിലുറപ്പ് പ്രവൃത്തിക്ക് ഇറങ്ങരുതെന്നു കളക്ടര്‍ പറഞ്ഞു. അഞ്ച് വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള രക്ഷിതാക്കളും തൊഴിലില്‍ ഏര്‍പ്പെടരുത്