കേരളത്തിലെ പഞ്ചായത്തുകളിൽ ഓൺലൈൻ സേവനം നൽകുന്ന ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സർവർ സേവനം വിപുലപ്പെടുത്താൻ ക്ലൗഡ് സർവീസിലേക്ക് പോകുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
നിലവിൽ പലഭാഗത്ത് നിന്നും സോഫ്റ്റ്വെയറിന്റെ വേഗതയെ കുറിച്ച് പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ക്ലൗഡ് സർവീസിനായി തദ്ദേശ സ്വയംഭരണ വകുപ്പ് സി ഡിറ്റിന്റെ സേവനം തേടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഐ.എൽ.ജി.എം.എസ് സൗകര്യം ഏർപ്പെടുത്തിയ ഇൻഫർമേഷൻ കേരള മിഷന് പിന്തുണ നൽകുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് ചർച്ച നടത്തിയ ഐ ടി മിഷന്റെ നേതൃത്വത്തിലുള്ള ടെക്നിക്കൽ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് പുതിയ സൗകര്യം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ക്ലൗഡ് സർവീസിലേക്ക് മാറുന്നതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഐ.എൽ.ജി.എം.എസ് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇപ്പോൾ ലഭിക്കുന്ന സേവനങ്ങൾ വേഗത്തിലും സുരക്ഷിതത്വത്തോടുകൂടിയും വിപുലപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.എൽ.ജി.എം.എസ് കൂടാതെ മൊബൈൽ ആപ്പുകൾ വഴി സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ആലോചിക്കുന്നു ണ്ടെന്നും രണ്ടാംഘട്ട ഓൺലൈൻസേവന വികസനത്തിന്റെ ഭാഗമായി ഇത്തരം സേവനങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.