സർക്കാരിന്റെ ഓൺലൈൻ സംവിധാനങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

146

തി​രു​വ​ന​ന്ത​പു​രം : പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സർക്കാർ ഗസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ആയി മുറികൾക്ക് അപേക്ഷിക്കാനുളള സംവിധാനം, സർക്കാർ ഡയറിയുടെ മൊബൈൽ ആപ്പ്, ജീവനക്കാർക്ക് മൊബൈൽ ആപ്പ് വഴി അവധിയും ഡ്യൂട്ടി ലീവും അപേക്ഷിക്കാനുളള സംവിധാനം എന്നിവയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് gad.kerala.gov.in എന്ന വിലാസത്തിൽ ലഭ്യമാണ്. സിഡിറ്റ് ആണ് വെബ്‌സൈറ്റ് വികസിപ്പിച്ചത്.

സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും സർക്കാർ അതിഥി മന്ദിരങ്ങളിൽ stateprotocol.kerala.gov.in മുഖേനയും പൊതുഭരണ വകുപ്പിന്റെ വെബ് സൈറ്റി-ലെ ഓൺലൈൻ സർവീസ് വിൻഡോയിലും മുറികൾക്ക് അപേക്ഷ നൽകാം. മുറി ആവശ്യപ്പെട്ട ദിവസത്തിന് അഞ്ച് ദിവസം മുമ്പ് മൊബൈൽ നമ്പറിൽ എസ്.എം.എസ് ആയും ഇ-മെയിൽ വഴിയും അപേക്ഷകന് വിവരം ലഭിക്കും. ഓരോ ദിവസത്തേയും റൂം അലോട്ട്‌മെന്റ് ഉത്തരവ് പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ഇതുൾപ്പടെയുളള മറ്റു സംവിധാനങ്ങൾ എൻ.ഐ.സിയാണ് തയ്യാറാക്കിയിരിക്കുന്നത്. ‘sparkonmobile’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവധികൾ, ഔദ്യോഗിക ഡ്യൂട്ടി അവധികൾ, കോംമ്പൻസേറ്ററി ഓഫ് എന്നിവ മൊബൈൽ വഴി അപേക്ഷിക്കാം. ‘sarkardiary’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സർക്കാർ ഓഫീസിലേക്ക് നേരിട്ട് ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാം. സർക്കാർ ഡയറിയിൽ ലഭ്യമായ എല്ലാ വിവരങ്ങളും മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ സംവിധാനങ്ങൾ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് E-ACR (ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കൽ) E-Service book (ജീവനക്കാരുടെ സർവീസ് ബുക്കുകൾ ഇലക്‌ട്രോണിക് രൂപത്തിലാക്കൽ) എന്നിവയും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ജോലി സംബന്ധ വിവരങ്ങൾ, പബ്ലിക് സർവീസ് കമ്മീഷനിലേക്ക് ഓട്ടോമാറ്റിക്കായി ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിനുളള സംവിധാനം, എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിംഗ് വഴി അറ്റൻഡൻസ് രേഖപ്പെടുത്തൽ തുടങ്ങിയ സംവിധാനങ്ങൾ നടപ്പിലാക്കാനുളള നടപടികളും പുരോഗമിക്കുന്നു.

NO COMMENTS