തിരുവനന്തപുരം : കിടപ്പുരോഗികൾക്കെല്ലാം വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൃദ്ധസദനങ്ങളിലെ മുഴുവൻ പേർക്കും എത്രയും പെട്ടെന്ന് വാക്സിൻ നൽകും. ആദിവാസി കോളനികളിലും 45 വയസിന് മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ പരമാവധി പൂർത്തീകരിക്കണം. കിടപ്പുരോഗികൾക്ക് വാക്സിൻ നൽകാൻ പ്രത്യേകം ശ്രദ്ധ നൽകും.
നവജാത ശിശുക്കൾക്ക് കോവിഡ് ബാധിക്കുന്ന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ജാഗ്രത പാലിക്കും.
കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാൽ വാക്സിനേഷൻ ഊർജിതമാക്കി ജൂൺ 15നകം പരമാവധി കൊടുക്കും.
വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കും. കേരള കൗൺസിൽ ഓഫ് സയൻസ് ആന്റ് ടെക്നോളജി ആന്റ് എൻവയർമെന്റിന്റെ ആഭിമുഖ്യത്തിൽ ഔഷധ ഉൽപാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് വെബിനാർ സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ വാക്സിൻ ഉൽപാദിപ്പിക്കാനുള്ള സാധ്യത ആരായാനായിരുന്നു വെബിനാർ. നമ്മുടെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്സിൻ നിർമാണ കമ്പനികളുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ വാക്സിൻ കമ്പനികൾക്ക് താൽപര്യമുണ്ട്. അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലവർഷം തുടങ്ങുമ്പോൾ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവരും. അത്തരം ക്യാമ്പുകളിൽ വൈറസ് ബാധയുള്ളവർ എത്തിയാൽ കൂടെയുള്ളവർക്കാകെ പകരുന്നത് ഒഴിവാക്കാൻ റിലീഫ് ക്യാമ്പുകളിൽ ടെസ്റ്റിങ് ടീമിനെ നിയോഗിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറത്ത് 25 പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണും ജനകീയ ഹോട്ടലും ഇല്ല എന്നത് ഗൗരവമാണ്. ഇവ നിലവിൽ ഇല്ലാത്ത പഞ്ചായത്ത് അധികൃതരെ വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി.
പ്രവാസികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിൽ നൽകുമ്പോൾ ആധാർ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒടിപി സന്ദേശം പോകുന്നതെന്ന പ്രശ്നമുണ്ട്. ഭൂരിഭാഗംപേരും മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. അതുകൊണ്ട് നിലവിൽ കയ്യിലുള്ള മൊബൈൽ നമ്പറിൽ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.