നവജാതശിശുക്കളുടെ ഭാരക്കുറവ് ഗൗരവമായി കാണണം: മുഖ്യമന്ത്രി പിണറായി വിജയൻ

98

തിരുവനന്തപുരം : ആരോഗ്യമേഖലയിൽ മി്ക്ക കാര്യങ്ങളിലും കേരളം മുന്നിലാണെങ്കിലും നവജാതശിശുക്കളുടെ ഭാരം കുറയുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ തൊട്ടുകിടക്കുന്ന സംസ്ഥാനത്തേക്കാൾ നാം പിറകിലാണ്. ഗർഭിണികളുടെ പോഷകാഹാരക്കുറവാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷൺ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണവാടികൾക്കുള്ള മൊബൈൽ വിതരണവും ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയർ ഉദ്ഘാടനവും നിർവഹിക്കുക യായിരുന്നു മുഖ്യമന്ത്രി.

ജവഹർ സഹകരണഭവനിൽ നടന്ന ചടങ്ങിൽ ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യമേഖലയിൽ കുറെക്കൂടി മെച്ചപ്പെട്ട സൂചികകൾ ഉണ്ടാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ പോഷകങ്ങൾ സ്ത്രീകളിലും കുട്ടികളിലും എത്തുന്നില്ല എന്നതാണ് രാജ്യത്തെ സ്ഥിതി. കേരളത്തിന്റെ തനതായ പ്രത്യേകതകൾ കൂട്ടിച്ചേർത്താണ് പോഷൺ അഭിയാൻ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വനിത, ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി മുഖ്യാതിഥിയായി. പോഷകാഹാരക്കുറവ് എന്ന ഭീഷണിയോട് കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്നു പോരാടണമെന്ന് മന്ത്രി പറഞ്ഞു. പത്തുകോടി പേരെ പോഷൺ അഭിയാൻ പദ്ധതിയിൽ ഉൾക്കൊള്ളിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കുട്ടികളുടെ പോഷകനിലവാരം ഉറപ്പുവരുത്തുന്നതിന് നൽകുന്ന ഫോർട്ടിഫൈഡ് ന്യൂട്രിമിക്സ് വിതരണോദ്ഘാടനവും സമ്പുഷ്ടികരിച്ച മിൽമ പാലിന്റെ വിതരണോദ്ഘാടനവും തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു. വനിതാ, ശിശു ആരോഗ്യത്തിൽ രാജ്യത്ത് മുൻപേ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം കാസർകോട്്, മലപ്പുറം, കണ്ണൂർ, വയനാട് എന്നീ നാലു ജില്ലകളിൽ പ്രവർത്തനം ആരംഭിച്ച സമ്പുഷ്ട കേരളം പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി കേരളം തയ്യാറാക്കിയ കൺവർജൻസ് ആക്ഷൻ പ്ലാൻ അനുസരിച്ച് സമ്പുഷ്ട കേരളം പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയതിന് കഴിഞ്ഞ വർഷം ദേശീയ അംഗീകാരം ലഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പോഷൻ അഭിയാൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ജില്ലകളിൽ ഒന്നായ കണ്ണൂർ ജില്ലയ്ക്കും മികച്ച ബ്ലോക്കായ കല്യാശ്ശേരി ബ്ലോക്കിനും പോഷൺ അഭിയാൻ ദേശീയ പുരസ്‌കാരം ലഭിച്ചു.

സമ്പുഷ്ടകേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും സൂപ്പർവൈസർമാർക്കും സ്മാർട്ട് ഫോണുകൾ നൽകുന്നു. ഈ ഫോണിലെ പ്രത്യേക അപ്ലിക്കേഷനിലൂടെ (ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയർ) ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും യഥാസമയം അപ്‌ലോഡ് ചെയ്യാൻ സാധിക്കും. ഈ പദ്ധതി പ്രാബല്യത്തിലാകുന്നതിലൂടെ അങ്കണവാടികളിൽ ഇപ്പോൾ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിർത്തലാക്കും.

സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ഗുണഭോക്താക്കളുടെ വിവരങ്ങളും പ്രശ്‌നങ്ങളും തത്സമയം നിരീക്ഷിക്കുകയും അതിലൂടെ ആവശ്യാനുസരണം സേവനം ലഭ്യമാക്കുവാനും സാധിക്കുന്നു.
അങ്കണവാടി ജീവനക്കാരുടെ അഭിരുചികൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇംക്രിമെന്റൽ ലേണിംഗ് അപ്രോച്ച് (ഐ.എൽ.എ.) മൊഡ്യൂളുകളുടെ പ്രകാശനവും നടന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ ഗുണഭോക്താക്കൾക്ക് മിൽമയുടെ യു.എച്ച്.ടി. (Ultra-high temperature processing) പാൽ നൽകാൻ തീരുമാനിച്ചിരുന്നു. കുട്ടികളുടേയും അമ്മമാരുടേയും ആരോഗ്യം നിലനിർത്താനായാണ് സമ്പൂർണ ആഹാരമായ പാൽ വിതരണം ചെയ്യുന്നത്.

180 മില്ലിലിറ്റർ ഉൾക്കൊള്ളുന്ന പാക്കറ്റുകളിലുള്ള പാൽ റെഫ്രിജറേറ്ററിന്റെ ആവശ്യമില്ലാതെ സാധാരണ ഊഷ്മാവിൽ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. തിളപ്പിക്കാതെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന അണുവിമുക്തമായ പാലാണിത്.

NO COMMENTS