തിരുവനന്തപുരം : പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീർഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ അഭിപ്രായം തേടിയത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറിമാർ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, മുൻ സംസ്ഥാന പോലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി. കെ. എ നായർ, സി. പി. നായർ, ജെയിംസ് വർഗീസ്, ജോൺ മത്തായി, ബാബു ജേക്കബ്, കെ. ജയകുമാർ, എസ്. എം. വിജയാനന്ദ്, ഷീല തോമസ്, പോൾ ആന്റണി, ടി. ബാലകൃഷ്ണൻ, കെ. എം. എബ്രഹാം, പി. എച്ച്. കുര്യൻ, രമൺശ്രീവാസ്തവ, അബ്ദുൾ സത്താർകുഞ്ഞ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. മികച്ച നിർദ്ദേശങ്ങളാണ് യോഗത്തിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. പ്രായോഗികമായ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന്് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ ഇനിയുള്ള കാലയളവിലേക്ക് തീവ്രയജ്ഞ പരിപാടി തയ്യാറാക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി സി. പി നായർ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവർക്ക് എത്രയും വേഗം സേവനം ലഭ്യമാക്കാനാവണം. സർക്കാരും പൊതു ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിലെ വിടവ് പരിഹരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഭരണതീരുമാനങ്ങൾ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ടി. കെ. എ നായർ പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം. സർക്കാരിന്റെ പ്രധാന പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടത്തണം. ആഴ്ചയിൽ ഒരു ദിവസം വകുപ്പ് സെക്രട്ടറിമാരും വകുപ്പ് തലവൻമാരും പൊതുജനങ്ങളെ നേരിൽ കാണുന്നതിന് സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന് ഒരു സർവീസ് ഡെലിവറി പ്ലാൻ ഉണ്ടാവണമെന്ന് എസ്.എം. വിജയാനന്ദ് പറഞ്ഞു. എസ്. സി, എസ്. ടി വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമായി ഒരു മിഷൻ രൂപീകരിക്കാവുന്നതാണ്. കൂടുതെ കരുതൽ, മികച്ച ഭരണം എന്നിവയ്ക്കും മിഷനുകൾ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.വ്യവസായ മേഖലയിൽ സ്വകാര്യ മേഖലയെക്കൂടി സജീവമാക്കണമെന്ന് പോൾ ആന്റണി നിർദ്ദേശിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ ബോർഡുകളെ ശക്തിപ്പെടുത്തുകയും വേണം. മാലിന്യ സംസ്‌കരണത്തിൽ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ പദ്ധതികൾ നടപ്പാക്കണമെന്ന് ജെയിംസ് വർഗീസ് പറഞ്ഞു.
വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരുടെ പ്രകടനവും വിലയിരുത്തണം. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. സേവനാവകാശ നിയമം കർശനമായി നടപ്പാക്കണമെന്ന് കെ. ജയകുമാർ, ടി. ബാലകൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. പ്രധാന പദ്ധതികൾ പുരോഗമിക്കുമ്പോൾ തന്നെ വിലയിരുത്തൽ നടക്കണമെന്നും ആദിവാസി മേഖലയുടെ വികസനത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്സ് ഉണ്ടാവണമെന്നും കെ. ജയകുമാർ പറഞ്ഞു. പാസ്പോർട്ട് സേവനം വളരെ വേഗത്തിൽ ഇപ്പോൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും ഇതേ മാതൃക പരീക്ഷണാടിസ്ഥാനത്തിൽ പരിഗണിക്കാവുന്നതാണെന്നും ടി. ബാലകൃഷ്ണൻ നിർദ്ദേശിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിയിൽ ചേരുമ്പോൾ തന്നെ അതിന്റെ ഭാഗമായി നിർബന്ധമായും പരിശീലനം നൽകിയിരിക്കണമെന്ന് ഷീല തോമസ് പറഞ്ഞു. ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നും പറഞ്ഞു. ഇ ഗവേണൻസ് സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്ന് പി. എച്ച്. കുര്യൻ പറഞ്ഞു. ഒരാവശ്യത്തിനായി ഒരാളെ പലതവണ ഓഫീസിൽ വരുത്തുന്നത് ഒഴിവാക്കാനുള്ള സംവിധാനം ഇ ഗവേണൻസിലൂടെ നടപ്പാക്കണമെന്നും വിവിധ വകുപ്പുകളുടെ പക്കലുള്ള വിവരം ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ ഗവേണൻസ് സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കണമെന്ന് ജോൺ മത്തായി പറഞ്ഞു.
ജില്ലാ കളക്ടർമാർ താലൂക്ക് തലത്തിൽ അദാലത്തുകൾ നടത്തി ജനങ്ങളുടെ പരാതികൾ പരിഹരിക്കണം. ഒരാൾ അവധിയിലാണെങ്കിൽ ഫയൽ അവിടെ കിടക്കുന്ന സ്ഥിതിക്കും മാറ്റമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തി അയയ്ക്കുന്ന തപാൽ സംബന്ധിച്ച പൂർണമായ വിവരം അയാൾക്ക് ലഭിക്കുന്നതിനും ഫയൽ വായിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് കെ. എം. എബ്രഹാം പറഞ്ഞു. ഒരു ഉദ്യോഗസ്ഥൻ ചെയ്യുന്ന ജോലിയുടെ എഫിഷ്യൻസി ഇൻഡക്സ് പരിശോധിക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ലാൻഡ് റീകൺസ്ട്രക്ടിംഗ് പ്ലാൻ നടപ്പാക്കണമെന്നും നഗര മേഖലയ്ക്ക് മാസ്റ്റർ പ്ലാൻ ഉണ്ടാവണമെന്നും ബാബു ജേക്കബ് നിർദ്ദേശിച്ചു. ഫയൽ നീക്കം കാര്യക്ഷമമാകണമെന്ന് രമൺ ശ്രീവാസ്തവ പറഞ്ഞു. പോലീസിന്റേത് എപ്പോഴും സേവന മുഖമായിരിക്കണമെന്ന് അബ്ദുൾ സത്താർ കുഞ്ഞ്് നിർദ്ദേശിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, ഐ. ടി. സെക്രട്ടറി ശിവശങ്കർ എന്നിവർ സന്നിഹിതരായിരുന്നു.