കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കാൻ ഒക്‌ടോബർ നാലിന് ദുബായിയിൽ സമ്മേളനം: മുഖ്യമന്ത്രി

124

തിരുവനന്തപുരം : കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കുന്നതിന് ഒക്‌ടോബർ നാലിന് ദുബായിയിൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ കേരള പുനർനിർമാണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനായി ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരം ഷെൽട്ടറുകൾ നിർമിക്കും. ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് വീടുകൾ നിർമിക്കുന്നതുവരെ താമസിക്കുന്നതിന് സംവിധാനം ഒരുക്കും. പകരം സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചയിൽ പങ്കെടുത്ത യു. എൻ. ഡി. പി ഷെൽട്ടർ കോഓർഡിനേറ്റർ വി. ഇന്ദു വിശദീകരിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ച പഠനം നടക്കുകയാണ്. മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങളും ഈ പഠനത്തിൽ പരിഗണിക്കും. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. നദികൾ പുനരുജ്ജീവിപ്പിക്കുന്നതിന് നാട്ടുകാരുടെ സഹകരണം ഉറപ്പാക്കും. വരട്ടാർ വൃത്തിയാക്കുന്ന വേളയിൽ വലിയൊരു സംസ്‌കാരം രൂപപ്പെട്ടു. അതിനുശേഷം ജനങ്ങളുടെ വലിയ പങ്കാളിത്തം ഇക്കാര്യത്തിലുണ്ടായി. വിദേശ മലയാളികൾ, കോർപറേറ്റ് കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് എന്നിവയെല്ലാം നദി പുനരുജ്ജീവനത്തിന് വിനിയോഗിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നവകേരള നിർമിതിയിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാമുഖ്യം നൽകും. ജീവനോപാധി, ജനശാക്തീകരണം, കൃഷി എന്നിവയ്‌ക്കെല്ലാം പ്രാധാന്യമുണ്ടാവും.

വീടുകൾ പുനർനിർമിക്കുന്നതിന് നാലു ലക്ഷം രൂപയാണ് നൽകുന്നത്. ഇതുപയോഗിച്ച് മികച്ച വീടുകൾ നിർമിച്ചിട്ടുണ്ട്. ആദിവാസി മേഖലയിൽ ഈ തുകയിൽ ചില വർദ്ധനവ് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി വീടു നിർമാണത്തിന് പ്രത്യേക പരിഗണന നൽകും. പ്രീഫാബ് നിർമാണ രീതി സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം ആവശ്യമാണ്. വലിയ സർക്കാർ കെട്ടിടങ്ങൾ ഇത്തരത്തിൽ നിർമിച്ച് മാതൃക കാട്ടും. ഇതുസംബന്ധിച്ച് ആർക്കിടെക്ടുകളും അന്താരാഷ്ട്ര ഏജൻസികളും ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തും. പ്രീഫാബ് നിർമാണം ആരംഭിക്കുമ്പോൾ ഇതിനാവശ്യമായ നിർമാണ സാമഗ്രികൾ തയ്യാറാക്കുന്ന ഫാക്ടറികളും ഇവിടെ ആരംഭിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

വലിയ വീടുകൾ നിർമിക്കുന്നവരുടെ നികുതി വർധിപ്പിക്കണമെന്ന അഭിപ്രായം ചർച്ചയിൽ പങ്കെടുത്ത പ്ലാനിംഗ് ബോർഡ് മുൻ അംഗം ജി. വിജയരാഘവനും ഡോ. കെ. പി. കണ്ണനും മുന്നോട്ടുവച്ചു. മൂവായിരം ചതുരശ്രഅടിയുള്ള കെട്ടിടത്തിന് ഇപ്പോൾ 5000 രൂപ മാത്രമാണ് നികുതിയെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഇൗ വിഷയം ആലോചിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

മലയോര മേഖലയിലെ സൂക്ഷ്മ നീർച്ചാലുകൾ അടയുന്നത് മണ്ണിടിച്ചിലിന് കാരണമാകുന്നതായി ചർച്ചയിൽ സംസാരിച്ച ഹരിത കേരളം മിഷൻ കൺസൾട്ടന്റ് എബ്രഹാം കോശി പറഞ്ഞു. നീർച്ചാലുകൾ വീണ്ടെടുക്കുക പ്രധാനമാണെന്നും മലയോരമേഖലയിലെ സൂക്ഷ്മ നീർച്ചാലുകളുടെ പുനസ്ഥാപനത്തിന് പ്രാധാന്യം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മലയോരമേഖലയിൽ കൃഷി ഒഴിവാക്കേണ്ടതില്ല. അതേസമയം അപകട മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറേണ്ടി വരും.

ദുരന്തങ്ങൾ മാനസികമായി ജനങ്ങളിൽ സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സാമൂഹ്യപ്രവർത്തകയായ ഡോ. ഷിനു ശ്യാമളൻ ചർച്ചയിൽ വിശദീകരിച്ചു. ദുരന്തബാധിതരുടെ മാനസികാരോഗ്യത്തെ സർക്കാർ ഗൗരവമായി കാണുന്നതായും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് മാധ്യമങ്ങൾ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് മാധ്യമപ്രവർത്തകൻ മനോജ് കെ. ദാസ് പറഞ്ഞു. ആപൽസമയത്ത് മാധ്യമങ്ങൾ പോസിറ്റീവായാണ് പ്രതികരിച്ചതെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടുകയും വേണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരള പുനർനിർമാണത്തിന് കുറുക്കുവഴികളില്ലെന്നും കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പുനർനിർമാണം മുന്നോട്ടു പോകുന്നതെന്നും മുൻ ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS