മലബാർ ക്യാൻസർ സെന്റർ വികസനക്കുതിപ്പിൽ – മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

70

കണ്ണൂർ തലശേരി മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് & റിസർച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 14-ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷയാകും. എ.എൻ. ഷംസീർ എം.എൽ.എ., കെ. മുരളീധരൻ എം.പി. എന്നിവരാണ് മുഖ്യാതിഥികൾ.

11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക്, 9 കോടിയുടെ ന്യൂക്ലിയർ മെഡിസിൻ & റേഡിയോളജി എക്സ്റ്റൻഷൻ ബ്ലോക്ക്, 9.5 കോടിയുടെ ക്ലിനിക്കൽ ലാബ് സർവീസസ് & ട്രാൻസ്ലേഷണൽ റിസർച്ച് ബ്ലോക്ക്, 9.5കോടിയുടെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം, 95 ലക്ഷത്തിന്റെ കാന്റീൻ വിപുലീകരണം, 6 കോടിയുടെ 64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാൻ, 4 കോടിയുടെ സ്‌പെക്റ്റ് സി.ടി. സ്‌കാനർ തുടങ്ങി പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. 81.69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, 32 കോടിയുടെ സ്റ്റുഡൻസ് ഹോസ്റ്റൽ എന്നീ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും നടക്കും.

ആർ.സി.സി.യെ മാത്രം ആശ്രയിച്ചിരുന്ന മലബാർ മേഖലയിലെ കാൻസർ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന കേന്ദ്രമായി മലബാർ കാൻസർ സെന്ററിനെ മാറ്റാൻ കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

പൂർത്തീകരിച്ച പദ്ധതികൾ

പീഡിയാട്രിക് ഹെമറ്റോളജി ആന്റ് ഓങ്കോളജി ബ്ലോക്ക് , പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് കുട്ടികൾക്ക് രണ്ടാമത്തെ വീട് എന്ന നിലയ്ക്കാകും അനുഭവപ്പെടുക. കുട്ടികളുടെ അർബുദ ചികിത്സക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണിത്. പ്രത്യേകം കീമോ തെറാപ്പി വാർഡ്, ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു എന്നിവയ്ക്കു പുറമെ കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തീയേറ്റർ എന്നിവയെല്ലാം സജ്ജമാക്കി. ന്യൂക്ലിയർ മെഡിസിൻ & റേഡിയോളജി എക്സ്റ്റൻഷൻ ബ്ലോക്ക്, വിവിധ ക്യാൻസറുകളുടെ രോഗ നിർണയത്തിനും ചികിത്സയ്ക്കുമാണ് റേഡിയോ ഐസോടോപ്പുകൾ ഉപയോഗിച്ചുള്ള ന്യൂക്ലിയർ മെഡിസിൻ ചികിത്സാ സംവിധാനം.

ക്ലിനിക്കൽ ലാബ് സർവീസസ് & ട്രാൻസ്ലേഷണൽ റിസർച്ച് ബ്ലോക്ക് പുതിയ ലാബ് ബ്‌ളോക്കിൽ പാത്തോളജി മോളിക്യൂലർ ബയോളജി, ജെനറ്റിക്‌സ്എന്നിവ പ്രവർത്തിക്കും. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിലേക്കുള്ള എംസിസിയുടെ വളർച്ചക്കനുസൃതമായ ക്ലാസ് മുറികൾ, അധ്യാപക, അനധ്യാപക ജീവനക്കാർ ക്കുള്ള സൗകര്യങ്ങൾ, സെമിനാർ റൂം സൗകര്യങ്ങൾ എന്നിവയുമുണ്ട്്.

ഇന്റ്ര്വെൻഷനൽ റേഡിയോളജി വിഭാഗം അത്യധികം രക്ത സംക്രമണമുള്ള മുഴകളിൽ ശസ്ത്രക്രിയാ സമയത്ത് ഉണ്ടായേക്കാവുന്ന അമിത രക്തസ്രാവം കുറയ്ക്കാൻ ഇന്റ്ര്വെൻഷനൽ റേഡിയോളജി സഹായകമാണ്. ഇന്ത്യയിലെ തന്നെ ചുരുക്കം ചില മുൻനിര കാൻസർ ചികിത്സ കേന്ദ്രങ്ങളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.

64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാൻ

അത്യാധുനിക 64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാൻ മുഖേന ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴകളിൽ നിന്നും ബയോപ്‌സി നടത്താനും ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്ന റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ, മൈക്രോ വേവ് അബ്ലേഷൻ എന്നിവ നടത്തുവാനും സാധിക്കും.

സ്‌പെക്റ്റ് സി. ടി സ്‌കാനർ

ഈ മെഷീനിലെ പ്രത്യേക ക്യാമറ അവയവങ്ങൾ, അസ്ഥികൾ, ടിഷ്യു എന്നിവയിലെ റേഡിയോ ട്രേസർ കണ്ടെത്തി ശരിയായ രോഗ നിർണയത്തിന് സഹായിക്കുന്നു.

പുതിയ ചുവടുവെപ്പുകൾ

റേഡിയേഷൻ ഓങ്കോളജി ബ്ലോക്കും ഒപി ബ്‌ളോക് നവീകരണവും
കിഫ്ബി ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായി റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. ഒരേ സമയം 40 രോഗികൾക്ക് കീമോ തെറാപ്പി ചെയ്യാനാകും.
ഇതോടൊപ്പം ഒപി ബ്ലോക്കിന്റെ നവീകരണവും നടത്തും.

സ്റ്റുഡൻസ് ഹോസ്റ്റൽ

300 ഓളം വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കുവാനുള്ള സംവിധാനം സ്റ്റുഡന്റസ് ഹോസ്റ്റലിൽ ഏർപെടുത്തും.

NO COMMENTS