ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
ബജ്റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പൊലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്.
രാജ്യത്തിന്‍റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്ബര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്‍റെയും ഝാന്‍സി പോലീസിന്‍റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണ ഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.