മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ സജ്ജമാക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. അഞ്ചു ടീമുകളെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ടന്നും അദ്ദേഹം അറിയിച്ചു.
കരസേനയുടെ ഓരോ ടീമുകളെ തിരുവനന്തപുരത്തും, കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട്ടും വയനാട്ടിലും ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ (DSC) ഓരോ ടീമുകളെയാണ് വിന്യസിച്ചിട്ടുള്ളത്. എയർഫോഴ്‌സിനേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരാക്കിയതായും സന്നദ്ധസേനയും സിവിൽ ഡിഫൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
ബാംഗ്ലൂരിൽ നിന്നുള്ള എൻജിനിയർ ടാസ്‌ക് ഫോഴ്‌സ് (ETF) ടീം മുണ്ടക്കയത്ത് എത്തും. സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രം കൂടുതൽ സജീവമാക്കിയിട്ടുണ്ട്. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ എസ് ഇ ബി, ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രത്തിൽ 24 മണിക്കൂറും വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സുസജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.