‘രക്തസാക്ഷ്യം’ സോവനീർ പ്രകാശനവും സെമിനാറും 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

149

കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനം സാധ്യമാക്കാൻ രൂപീകൃതമായ സാംസ്‌കാരിക ഉന്നതസമിതി നേതൃത്വം നല്കിയ ‘രക്തസാക്ഷ്യം’ പരിപാടികളുടെ ഓർമ്മയ്ക്കായി സമിതി തയാറാക്കിയ ‘രക്തസാക്ഷ്യം സോവനീറി’ന്റെ പ്രകാശനവും ഒപ്പം ‘ഗാന്ധിജി സത്യാനന്തര യുഗത്തിൽ’ എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനവും ജൂലൈ 11ന് നാലു മണിക്ക് വി.ജെ.ടി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ചലച്ചിത്രനടനും സംവിധായകനുമായ രഞ്ജി പണിക്കരാണ് മുഖ്യമന്ത്രിയിൽ നിന്ന് സോവനീർ സ്വീകരിക്കുന്നത്. ചടങ്ങിൽ സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. സാംസ്‌കാരികസെക്രട്ടറി റാണി ജോർജ് ആമുഖഭാഷണം നടത്തും. വി.എസ്.ശിവകുമാർ എം.എൽ.എ, അശോകൻ ചരുവിൽ എന്നിവർ ആശംസകളർപ്പിക്കും. സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി സ്വാഗതമാശംസിക്കുകയും വകുപ്പു ഡയറക്ടർ ടി.ആർ.സദാശിവൻ നായർ നന്ദി രേഖപ്പെടുത്തുകയും ചെയ്യും.

തുടർന്ന് ‘ഗാന്ധിജി സത്യാനന്തര യുഗത്തിൽ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ജിൻഡാൽ ഗ്ലോബൽ യൂനിവേഴ്‌സിറ്റി പ്രൊഫസറും ഹാർവാർഡ്, ഓക്‌സ്‌ഫോർഡ് തുടങ്ങിയ സർവ്വ കലാശാലകളുടെ വിസിറ്റിംഗ് പ്രൊഫസറും കോളമിസ്റ്റുമായ ഡോ. ശിവ് വിശ്വനാഥൻ, സംസ്‌കൃത യുനിവേഴ്‌സിറ്റി പ്രൊഫസറും ഗവേഷകനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം എന്നിവർ പ്രഭാഷണം നടത്തും. കേരള സർവകലാശാലാ ഇംഗ്ലീഷ് പ്രൊഫസറും സാംസ്‌കാരിക വിമർശകയുമായ ഡോ. മീന ടി. പിള്ള മോഡറേറ്ററായിരിക്കും. ഈ വിഷയത്തിൽ പൊതുചർച്ചയും നടക്കും.

NO COMMENTS