തിരുവനന്തപുരം : കാർഷികാധിഷ്ഠിത സംരംഭക, നിക്ഷേപ മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ കടന്നു വരണമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. ഈ മേഖലയിൽ സഹകരണ സ്ഥാപനങ്ങളുടെ ഇടപെടലുണ്ടായാൽ മാത്രമേ കർഷകർക്കു പ്രയോജനമുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവേണൻസിൽ ഹരിതകേരള മിഷൻ സംഘടിപ്പിച്ച ശില്പശാലയിലെ കർമ്മപരിപാടി ആസൂത്രണസെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികാധിഷ്ടിത ഭക്ഷ്യ ഉല്പന്നങ്ങൾ ഇന്ന് ലോക വിപണി കീഴടക്കുകയാണ്. കൃത്രിമ ഉല്പന്നങ്ങൾക്ക് പകരം പ്രകൃതിദത്ത ഭക്ഷ്യോല്പന്നങ്ങൾ ഉപയോഗിക്കാനാണ് ആഗോള സമൂഹം ഇഷ്ടപ്പെടുന്നത്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ കാർഷികവിളകളിൽ നിന്ന് മൂല്യവർധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യണം. ഇത്തരത്തിൽ കാർഷികോല്പന്ന വിപണന മേഖലയിൽ കർഷകർക്ക് സഹകരണ സ്ഥാപനങ്ങൾ പിന്തുണ നൽകണം. കേരളത്തിലെ വലിയ സഹകരണ ശ്യംഖല ഇതിനായി പ്രയോജനപ്പെടുത്തണം.
കേരളത്തിന്റെ തനതായ ഭൗമസൂചിക പദവി നേടിയെടുക്കാനാവുന്ന കാർഷിക ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിന് സഹകരണ സ്ഥാപനങ്ങൾക്ക് പങ്കുവഹിക്കാനാകും. കേരളത്തിലെ കർഷകരെ 80 ശതമാനവും സഹായിക്കുന്നത് സഹകരണ മേഖലയാണ്. ഉല്പാദനം. സംഭരണം, ശീതികരണ സംവിധാനം, വിപണനം എന്നീ മേഖലകളിലെല്ലാം കർഷകരെ പിന്തുണയ്ക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് സാധിക്കും.
കാർഷിക സഹകരണ മേഖലകൾ ഒരുമിച്ച് നിന്നാൽ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കാനാകു മെന്ന് കൃഷിമന്ത്രി പറഞ്ഞു. കാർഷികമേഖലയിൽ സഹകരണബാങ്കുകളുടെ ഇടപെടൽ എന്ന വിഷയത്തിലാണ് ദ്വിദിന ശില്പശാല സംഘടിപ്പിച്ചത്.
ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ അധ്യക്ഷത വഹിച്ചു. നവ കേരളം കർമ്മപദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി. എസ്. രഞ്ജിത്, അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ വി. ശിവരാമകൃഷ്ണൻ, വി. രാജേന്ദ്രൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.