കൽക്കരി ക്ഷാമത്തെത്തുടർന്നു രാജ്യത്ത് അനുഭവപ്പെടുന്ന ഊർജ പ്രതിസന്ധി വരുന്ന ആഴ്ചകളിലും തുടരാനുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാതിരിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി. ആരംഭിച്ചു. രാജ്യത്ത് ഇപ്പോഴുണ്ടായിരിക്കുന്ന ഊർജ പ്രതിസന്ധി ഏറ്റവും കുറവു ബാധിച്ചിട്ടുള്ളതു കേരളത്തെ യാണെന്നു കെ.എസ്.ഇ.ബി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി. അശോക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെ.എസ്.ഇ.ബി. ആശ്രയിക്കുന്ന 27 നിലയങ്ങളിൽ മൂന്നെണ്ണം മാത്രമേ (എൻ.ടി.പി.എൽ, ഝബുവ പവർ ലിമിറ്റഡ്, മെജിയ) ഇറക്കുമതി ചെയ്ത കൽക്കരിയെ ആശ്രയിക്കുന്നുള്ളൂ. പീക് സമയങ്ങളിൽ 78 മെഗാവാട്ട് ശേഷിയുള്ളതാണ് ഈ നിലയങ്ങൾ എന്നതിനാൽ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കെ.എസ്.ഇ.ബിക്കുള്ള ലഭ്യതക്കുറവ് പരിമിതമായിരിക്കും. എങ്കിലും രാജ്യത്താകമാനം ഊർജപ്രതിസന്ധി നിലനിൽക്കുന്നതിനാൽ പുറമേനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കെ.എസ്.ഇ.ബിയിലും പ്രതിസന്ധി യുണ്ടായിട്ടുണ്ട്. ഇതു മറികടക്കുന്നതിനുള്ള നടപടികൾ കെ.എസ്.ഇ.ബി. പൂർത്തിയാക്കിയിട്ടുണ്ട്.
ഈ വർഷം ഒക്ടോബർ-നവംബർ വരെ കൽക്കരി ക്ഷാമം തുടരുമെന്നാണ് എൻ.ടി.പി.സി. അധികൃതർ നൽകുന്ന സൂചന. ഇതു നീണ്ടുനിൽക്കുന്നതു പ്രതിസന്ധിയുണ്ടാക്കുന്നതാണെങ്കിലും ഓരോ ദിവസത്തേയും ഊർജ ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ടുള്ള ആസൂത്രണമാണു കെ.എസ്.ഇ.ബി നടത്തുന്നത്. വരുന്ന രണ്ടു മൂന്നു ദിവസങ്ങളിൽ കാര്യമായ വൈദ്യുതി ക്ഷാമുമുണ്ടാകില്ലെന്നാണു വിലയിരുത്തൽ. അവധി ദിനങ്ങളും മഴയ്ക്കുള്ള സാധ്യതയും മുൻനിർത്തിയാണ് ഈ നിഗമനം. അതിനാൽ വൈദ്യുതി വിതരണത്തിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഈ ദിവസങ്ങളിൽ കുറയ്ക്കും.
ചെറിയ തോതിലുള്ള നിയന്ത്രണമേ ഉണ്ടാകൂ. എന്നാൽ, മേയ് മൂന്നിനു സംസ്ഥാനത്ത് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഇതടക്കമുള്ള സാഹചര്യങ്ങൾ മറികടക്കാൻ മേയ് 31 വരെ യൂണിറ്റിന് 20 രൂപ വരെ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ ഇന്നുതന്നെ ആരംഭിക്കും. ഈ വൈദ്യുതി ലഭ്യമാകുന്ന മുറയ്ക്ക് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഫീഡർ നിയന്ത്രണങ്ങളിൽ കുറവു വരുത്തും.
കെ.ഡി.ഡി.പി. നല്ലളം നിലയത്തിൽ ഒരാഴ്ചത്തേക്ക് ആവശ്യമായ ഇന്ധനം എത്തിച്ച് പ്രവർത്തനം ആരംഭിക്കും. 90 മെഗാവാട്ട് വൈദ്യുതി ഇവിടെനിന്നു ലഭിക്കും. കായംകുളം ആർ.ജി.സി.സി.പി.പി.യിൽ നിന്നുള്ള വൈദ്യുതിക്കായി ഉടൻ ഷെഡ്യൂൾ ചെയ്താലും ഉത്പാദനം ആരംഭിക്കാൻ 45 ദിവസമെങ്കിലുമെടുക്കും. കായംകുളം താപവൈദ്യുതി നിലയത്തിന്റെ ഫീഡർ ലോഡ് എൻടിപിസിയുടെ കരാറിനു വിധേയമായി ഒഴിവാക്കിയെടുക്കും.
പീക് സമയങ്ങളിൽ എച്ച്.ടി/ഇ.എച്ച്.ടി. ഉപഭോക്താക്കൾ പീക് സമയങ്ങളിൽ 20-30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതായാണു കണക്കുകൾ. അതിനാൽ എച്ച്.ടി./ഇ.എച്ച്.ടി. ഉപയോക്താക്കൾക്കുള്ള വൈദ്യുതി ലഭ്യത വർധിപ്പിക്കാൻ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.
ലോഡ് ഷെഡ്ഡിങ് പൂർണമായി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിനു ബോർഡ് നടപടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനോട് ഉപയോക്താക്കളും സഹകരിക്കണം. വൈകിട്ട് ആറിനും 11നും ഇടയിൽ ഉയർന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ അഭ്യർഥിച്ചു.