കണ്ണൂർ: തീരമേഖലയിൽ നിർമാണപ്രവൃത്തികൾ നടത്തുന്നതിനുള്ള വിലക്കുകളിൽ വൻതോതിൽ ഇളവുമായി പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം. വികസനപ്രവൃത്തി നിരോധിക്കപ്പെട്ട സി.ആർ.ഇസഡ് രണ്ട്, മൂന്ന് വിഭാഗത്തിൽവരുന്ന മേഖലയിൽ നിയന്ത്രണത്തിന് വിധേയമായി ടൂറിസം പദ്ധതികൾ, റിസോർട്ട് പദ്ധതികൾ എന്നിവയ്ക്ക് അനുമതി ലഭിക്കും. സി.ആർ.ഇസഡ് ഒന്നാം പട്ടികയിൽ വരുന്ന കണ്ടൽക്കാട് മേഖലയിൽ ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി പാർക്കുകൾ, മരംകൊണ്ടുള്ള കുടിലുകൾ എന്നിവ നിർമിക്കാൻ അനുമതി നൽകാവുന്നതാണെന്നും പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം വകുപ്പിന്റെ പുതിയ വിജ്ഞാപനത്തിൽ പറയുന്നു. ആയിരം ചതുരശ്ര മീറ്റർ പ്രദേശത്ത് പരന്നുകിടക്കുന്ന കണ്ടൽക്കാടാണ് സി.ആർ.ഇസഡ് മൂന്ന് വിഭാഗത്തിൽപ്പെടുക. ഈ കണ്ടൽവനത്തിന് 50 മീറ്റർ സംരക്ഷിത മേഖലയുമുണ്ടാകും. ഇക്കോ ടൂറിസം, പൈപ്പ് ലൈൻ, കേബിൾ ലൈൻ, പ്രിതരോധാവശ്യത്തിനുള്ള പ്രവൃത്തികൾ എന്നിവ മാത്രമേ ഈ മേഖലയിലും മൂന്ന് എ യിൽ വരുന്ന ദേശീയ ഉദ്യാനങ്ങൾ, മറ്റ് അതീവ പരിസ്ഥിലോല മേഖലകൾ എന്നിവിടങ്ങളിലും അനുവദിക്കൂ.
വേലിയേറ്റരേഖയിൽനിന്ന് 500 മീറ്റർ വീതിയിലുള്ള സ്ഥലം തീരനിയന്ത്രണ മേഖലയായി തുടരും. നഗരപ്രദേശങ്ങൾ മുഴുവൻ സി.ആർ.ഇസഡ് രണ്ടിലാണ് പുതിയ വിജ്ഞാപനപ്രകാരം വരിക. ഇവിടെ 1994-ന് മുമ്പ് റോഡോ അംഗീകൃത കെട്ടിടങ്ങളോ ഉള്ള സ്ഥലംവരെ നിയന്ത്രിത നിർമാണമാവാം. ഒൻപത് മീറ്ററിൽ കൂടുതൽ ഉയരത്തിലുള്ള കെട്ടിടങ്ങൾ സാധാരണനിലയിൽ അനുവദിക്കില്ല.
പഞ്ചായത്ത് പ്രദേശങ്ങളെ ജനസംഖ്യാടിസ്ഥാനത്തിൽ മൂന്ന് എ, മൂന്ന് ബി എന്നിങ്ങനെ രണ്ടായി വിഭജിച്ചു. ചതുരശ്ര കിലോ മീറ്ററിൽ 2061-ൽ കൂടുതൽ ജനസംഖ്യയുണ്ടെങ്കിൽ (2011 സെൻസസ്) മൂന്ന് എ യിൽ വരും. കുറവാണെങ്കിൽ ബി യിലും. ഈ മേഖലയിൽ നിർമാണപ്രവൃത്തിക്ക് വൻ ഇളവാണ് പുതിയ വിജ്ഞാപനത്തിൽ. മൂന്ന് എ മേഖലയിൽ വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ കരയിൽ നിർമാണങ്ങൾ പാടില്ലെന്നത് 50 മീറ്ററായി കുറയ്ക്കും. 300 ചതുരശ്ര മീറ്റർവരെയുള്ള ഗൃഹനിർമാണത്തിന് കോസ്റ്റൽ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതി ആവശ്യമില്ല. സി.ആർ.ഇസഡ് രണ്ട്, മൂന്ന് മേഖലകളിലെ ചട്ടഭേദഗതി തീരമേഖലാ നിയന്ത്രണ മാനേജ്‌മെന്റ് പ്ലാൻ അംഗീകരിച്ചാലേ പ്രാബല്യത്തിലാകൂ. നാട്ടുകാരുടെ അഭിപ്രായമാരാഞ്ഞ് അന്തിമ പ്ലാൻ വിജ്ഞാപനംചെയ്താലേ ഭേദഗതി നടപ്പാകൂ. അതുവരെ 200 മീറ്റർ എന്ന പരിധി നിലനിൽക്കും.
കായലിലെ ദ്വീപുകളിലും പുഴകളിലെ തുരുത്തുകളിലും നിർമാണപ്രവൃത്തി നിരോധം തീരത്തുനിന്ന് 20 മീറ്റർ വീതിയിലായി കുറച്ചു. നേരത്തേ ഇത് 50 മീറ്ററായിരുന്നു. ലക്ഷദ്വീപിലെ നിർമാണപ്രവൃത്തികൾക്ക് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച രൂപരേഖപോലെ ദ്വീപുകളിലെ നിർമാണം സംബന്ധിച്ച് സംസ്ഥാനങ്ങൾ ചട്ടവും മാർഗരേഖയുമുണ്ടാക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം നിർദേശിക്കുന്നു. വൻതോതിൽ ഇളവുകൾ അനുവദിക്കുന്നതാണ് പുതിയ സി.ആർ.ഇസഡ് ചട്ടമെങ്കിലും ഇത് നടപ്പാകണമെങ്കിൽ പുതിയ വിജ്ഞാപനപ്രകാരമുള്ള തീരപരിപാലനമേഖലാ ഭൂപടം അംഗീകരിക്കണം. പൊതുജനങ്ങളുടെ അഭിപ്രായംകൂടി കേട്ടശേഷമെ ഇതിന് അംഗീകാരം ലഭിക്കൂ. 2011-ലെ തീരപരിപാലന മേഖലാ വിജ്ഞാപനമനുസരിച്ചുള്ള ഭൂപടം ഇനിയും അംഗീകരിച്ചിട്ടില്ല.