സംസ്ഥാന തീരങ്ങളിലും മറ്റ് അതിർത്തികളിലും ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലും കോസ്റ്റൽ ഇന്റലിജൻസ് വിങ്ങുകൾ രൂപവത്കരിച്ചിട്ടുട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

180

തിരുവനന്തപുരം: സംസ്ഥാന തീരങ്ങളിലും മറ്റ് അതിർത്തികളിലും ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനെട്ട് കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലും കോസ്റ്റൽ ഇന്റലിജൻസ് വിങ്ങുകൾ രൂപവത്കരിച്ചിട്ടുട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

തീരദേശ മേഖലകളിൽ ഫിഷറീസ് ഡിപ്പാർട്മെന്റിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും സഹകരണത്തോടെ ബോട്ട് പട്രോളിങ്ങും നടത്തിവരുന്നുണ്ട്. തീരസുരക്ഷ ശക്തിപ്പെടുത്താനായി തീരദേശവാസികളെ ഉൾപ്പെടുത്തി കടലോര ജാഗ്രതാ സമിതികൾ രൂപവത്കരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇരുന്നൂറു പേർക്ക് പരിശീലനം നൽകിയ ശേഷം തീരദേശത്തെ പോലീസ് സ്റ്റേഷനുകളിൽ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഐ എസ് സാന്നിധ്യമെന്ന് ഇന്റലിജൻസ് ഏജൻസികൾ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഏതാനും ദിവസം മുമ്പ് ശ്രീലങ്കയിൽനിന്ന് ഐ എസ് ഭീകരരെന്ന് സംശയിക്കുന്നവരുമായി ഒരു ബോട്ട് ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയെന്നാണ് ഇന്റലിജൻസ് വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളാതീരത്തും ലക്ഷദ്വീപ് കടലിലും നാവികസേനയും തീരസംരക്ഷണസേനയും ജാഗ്രത പാലിക്കുന്നുണ്ട്.

ഇന്റലിജൻസിന്റെ മുന്നറിയിപ്പ് വന്നതിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജൻസികളിലെ ഉന്നതോദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല കോ ഓർഡിനേറ്ററായി സുരക്ഷാവിഭാഗം ഐ ജി ജി ലക്ഷ്മണയെ നിയോഗിച്ചിട്ടുമുണ്ട്.

NO COMMENTS