തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന അഞ്ച് തീരദേശ പോലീസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തലശേരി മാഹി ദേശീയ പാതയ്ക്ക് സമീപം നിര്‍മിച്ച തീരദേശ പോലീസ് സ്റ്റേഷന് ഉദ്ഘാടനചടങ്ങില്നിന്നു വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കുന്പള, തൃക്കരിപ്പൂര്‍, അര്‍ത്തുങ്കല്‍, മുനക്കകടവ് എന്നീ സ്ഥലങ്ങളിലും പുതുതായി നിര്‍മിച്ച കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. നീണ്ടകര, ഫോര്‍ട്ട് കൊച്ചി, വിഴിഞ്ഞം, തോട്ടപ്പള്ളി, അഴീക്കോട്, ബേപ്പൂര്‍, അഴീക്കല്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ തീരദേശ പൊലീസ് സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ ആരംഭിക്കുന്ന പത്തു സ്റ്റേഷനുകളില്‍ അഞ്ചെണ്ണമാണ് തലശേരിയില്‍ ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ടത്തിലുള്‍പ്പെട്ട പൂവാര്‍, അഞ്ചുതെങ്ങ്, പൊന്നാനി, ഏലത്തൂര്‍, വടകര സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇവയും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മൂന്നാം ഘട്ടമായി വലപ്പാട്, തൃക്കുന്നപ്പുഴ, താനൂര്‍, ആലപ്പുഴ, ഇരവിപുരം, തുന്പ എന്നിങ്ങനെ ആറു സ്ഥലങ്ങളില്‍കൂടി തീരദേശ പോലീസ് സ്റ്റേഷനുകള്‍ തുടങ്ങുന്നുണ്ട്.