കൊച്ചി : കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഏഴു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. അഞ്ചു രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് നിലവില്‍ വഴിതിരിച്ചുവിട്ടിരിക്കുന്നതെന്നു കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കും കരിപ്പൂരിലേക്കും ഹൈദരാബാദിലേക്കുമാണു വഴിതിരിച്ചു വിട്ടിരിക്കുന്നത്. ജെറ്റ് എയര്‍വേസിന്റെ ഷാര്‍ജ – കൊച്ചി വിമാനം, ഒമാന്‍ എയര്‍വേസിന്റെ മസ്കറ്റ് – കൊച്ചി, ഇന്‍ഡിഗോയുടെ ദുബായ് – കൊച്ചി, മസ്കറ്റ് – കൊച്ചി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ സര്‍വീസ് തുടങ്ങിയവയാണ് നെടുമ്പാശേരിയില്‍ ഇറങ്ങാനാകാതെ വഴിതിരിച്ചുവിട്ട രാജ്യാന്തര സര്‍വീസുകള്‍. ഇന്‍ഡിഗോയുടെ ദുബായ് വിമാനം കോയമ്പത്തൂരില്‍ ലാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇന്‍ഡിഗോയുടെ രണ്ട് ആഭ്യന്തര സര്‍വീസുകളായ പുണെ – കൊച്ചി, ചെന്നൈ – കൊച്ചി വിമാനവും വഴിതിരിച്ചു വിട്ടു. പുണെ – കൊച്ചി വിമാനം ഹൈദരാബാദിലേക്കു പോയിട്ടുണ്ട്. മറ്റു വിമാനങ്ങള്‍ കരിപ്പൂരിലേക്കാണോ ഹൈദരാബാദിലേക്കാണോ വഴിതിരിച്ചുവിട്ടതെന്നു വ്യക്തമല്ല.