സംസ്ഥാന പൊലീസ് കൊല്ലത്ത് സംഘടിപ്പിച്ച കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിനെക്കുറിച്ച് വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. രാജ്യാന്തര സമ്മേളന നടത്തിപ്പില്‍ ക്രമക്കേടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ടാണ് അന്വേഷണം നടത്തുന്നത്. സമ്മേള നടത്തിപ്പിലടക്കം സംസ്ഥാന പൊലീസിലെ ചില ഉന്നതര്‍ വഴിവിട്ട് ഇടപെട്ടെന്നാണ് ഇപ്പോള്‍ അയര്ന്നിരിക്കുന്ന പ്രധാന ആക്ഷേപം.
ഇക്കഴിഞ്ഞ 18, 19 തീയതികളിലായി കൊല്ലത്തെ നക്ഷത്ര റിസോര്‍ട്ടില്‍ സംസ്ഥാന പൊലീസ് സംഘടിപ്പിച്ച സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിനെക്കുറിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ തന്നെ അന്വേഷിക്കുന്നത്. ജേക്കബ് തോമസ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കൊല്ലത്തെത്തി പ്രാഥമിക വിവര ശേഖരണം നടത്തി. നാലു കാര്യങ്ങളിലാണ് സംസ്ഥാന പൊലീസിലെ ചില ഉന്നതരെയടക്കം ഉള്‍പ്പെടുത്തി അന്വേഷണം തുടങ്ങിയിരിക്കുന്നത്.
സൈബര്‍ സമ്മേളനത്തിനായി ലഭിച്ച കേന്ദ്ര ഫണ്ട് അടക്കമുളള തുക വിനിയോഗിച്ചത് എങ്ങനെയാണ്, സമ്മേളനത്തിനായി ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അടക്കം വാങ്ങിയതില്‍ ക്രമക്കേടെന്നാണ് ആക്ഷേപം. സമ്മേളന നടത്തിപ്പിന്റെ മുഴുവന്‍ കണക്കുകളും പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. ആഴ്ചകള്‍ക്കു മുമ്പ് സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അടപ്പിച്ച നക്ഷത്ര റിസോര്‍ട്ടിലെ ബാര്‍, സമ്മേളനത്തിനായി തുറന്നതും അന്വേഷണപരിധിയിലുണ്ട്. കൊല്ലത്തെ വിവാദമായ നക്ഷത്ര റിസോര്‍ട്ടില്‍ സംസ്ഥാന പൊലീസിന്റെ സൈബര്‍ സുരക്ഷാ കണ്‍ഫറന്‍സ് സംഘടിപ്പിക്കാനുണ്ടായ സാഹചര്യവും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടവുമായുളള ബന്ധവും അന്വേഷിക്കുന്നുണ്ട്.