പെരുമാറ്റച്ചട്ടലംഘനം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എഴു സ്ഥാനാർഥികളിൽ നിന്ന് തുക ഈടാക്കാൻ നിർദേശം.

147

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ ഏഴു സ്ഥാനാർഥികൾ നിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണസാമഗ്രികൾ നീക്കംചെയ്ത ചെലവ് അവരിൽനിന്ന് ഈടാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. പണമടച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം സ്ഥാനാർഥികളെ പ്രോസിക്യൂട്ട് ചെയ്യാനും നിർദേശിച്ചു.

വയനാട് ജില്ലയിലെ മാനന്തവാടി, കൽപ്പറ്റ, സുൽത്താൻബത്തേരി നിയമസഭാ മണ്ഡലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്റർ, ബാനർ, ഹോർഡിംഗ്്‌സ് മുതലായവ നീക്കാൻ കളക്ടർ വിവിധ സ്ഥാനാർഥികൾക്ക് നോട്ടീസ് നൽകിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിനാൽ ജില്ലാ ഭരണകൂടം തന്നെ ഇവ നീക്കം ചെയ്യുകയായിരുന്നു. ഇതിന്റെ ചെലവ് അതത് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിലേക്ക് വരവ്‌വെച്ച് അവരോട് തുക അടയ്ക്കാൻ കളക്ടർ ആവശ്യപ്പെട്ടിരുന്നു. പലതവണ നോട്ടീസുകൾ നൽകിയിട്ടും സ്ഥാനാർഥികൾ മറുപടി നൽകാതെ തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകുകയായിരുന്നു. എന്നാൽ വിശദ പരിശോധനയ്ക്ക് ശേഷം കമ്മീഷൻ അപ്പീൽ നിരസിക്കുകയും ജില്ലാ കളക്ടറുടെ നടപടി ശരിവെക്കുകയുമായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം 3/720008/ജെ.എസ് II (7/10/2008) ലെ ഖണ്ഡിക ഏഴുപ്രകാരം സ്ഥാനാർഥികളുടെ പ്രവൃത്തി മാതൃകാപെരുമാറ്റച്ചട്ട ലംഘനമായതിനാൽ അവർ തുക അടയ്്ക്കാൻ ബാധ്യസ്ഥരാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഇതേത്തുടർന്നാണ് ഒരു എം.എൽ.എ ഉൾപ്പെടെ വിവിധ പാർട്ടികളിലെ ഏഴു സ്ഥാനാർഥികളിൽ നിന്ന് എത്രയുംവേഗം ഈടാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചത്.

NO COMMENTS