കോട്ടയം : ജില്ലയിൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീ കരിച്ചതായി കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.
കൊക്ക്, ഉപ്പൻ, കാക്ക എന്നിവയും ചത്തിരുന്നു. ആയിരത്തോളം താറാവുകൾ ചത്തതായാണ് അനൗദ്യോഗിക കണക്ക്. മീനുകളും പലയിടത്തായി ചത്തുപൊങ്ങുന്നുണ്ട്.ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീ കരിച്ചത്.
തുടർനടപടി സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കലക്ടറേറ്റിൽ ചേർന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ ടി തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി എന്നിവർ പങ്കെടുത്തു.
ജില്ലയിൽ ചിലയിടത്ത് പക്ഷികൾ ചാകുന്നത് റിപ്പോർട്ട് ചെയ്‌തിരുന്നെങ്കിലും പക്ഷിപ്പനി എവിടെയും സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂരിൽ ഒരാഴ്‌ച മുമ്പ് താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു.