കാസറകോട് : ജില്ലയില്‍ തീരദേശ നിയന്ത്രണ മേഖലയിലെ (കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍) നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ക്രോഡീകരിച്ച പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് വേണ്ടി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ഹിയറിങ്ങ് സംഘടിപ്പിച്ചു. പട്ടികയിലുള്‍പ്പെട്ട 1261 പേര്‍ക്കാണ് ചെര്‍ക്കള ഐ മാക്സ് ഓഡി റ്റോറിയത്തില്‍ നടത്തിയ ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത്. ഇതില്‍ 516 പേരാണ് തങ്ങളുടെ ഭാഗം വിശദീ കരിക്കാന്‍ എത്തിയത്. ജനങ്ങളെ ദ്രോഹിക്കാനല്ല സഹായിക്കാനാണ് ഹിയറിങ്ങ് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പട്ടികയില്‍ തെറ്റായി ഉള്‍പ്പെട്ടതായി ആക്ഷേപമുള്ളവര്‍ക്ക് വിശദീകരിക്കാനുള്ള അവസരമാണ് ഹിയറിങ്ങിലൂടെ നല്‍കുന്നത്.
ചില കേന്ദ്രങ്ങളില്‍ ഹിയറിങ്ങുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ദയില്‍ പെട്ടിട്ടു ണ്ടെന്നും ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഹിയറിങ്ങില്‍ നടക്കുന്ന തെളിവെടുപ്പ് മറ്റേതെങ്കിലും കണക്കെടുപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് കൗണ്ടറുകളിലായാണ് ഹിയറിങ് നടത്തിയത്. മംഗല്‍പാടി പഞ്ചായത്തില്‍ നിന്നും 301 പേര്‍, ചെറുവത്തൂര്‍ 256, ചെമ്മനാട് 222, കാസര്‍കോട് നഗരസഭ 195, തൃക്കരിപ്പൂര്‍ 67, ഉദുമ 50, കാഞ്ഞങ്ങാട് നഗരസഭ 46, പള്ളിക്കര 45, നീലേശ്വരം നഗരസഭ 34, പടന്ന 23, കുമ്പളയില്‍ 22 പേരുമാണ് പട്ടികയിലുള്‍പ്പെട്ടിട്ടുള്ളത്. ഹിയറിങ്ങിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പുതിയ പട്ടിക ചീഫ് സെക്രട്ടറിക്ക് കൈമാറും.
ഹിയറിങ്ങില്‍ പങ്കെടുക്കാത്തവര്‍ക്ക് പരാതി ബോധിപ്പിക്കാന്‍ ഇനിയൊരു അവസരമുണ്ടായിരിക്കുകയില്ലെന്ന കളക്ടറുടെ അറിയിപ്പ് പുറത്തു വന്നതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ജനങ്ങള്‍ ഒന്നായെത്തിയത് തിരക്കിനിടയാക്കി. ജില്ലാ ടൗണ്‍ പ്ലാനര്‍ പി രവികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് പ്രതിനിധി കെ വിനോദ്, നഗര-ഗ്രാമാസൂത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയില്‍ 2749 തീരദേശ നിയമലംഘനങ്ങള്‍
ജില്ലയില്‍ തീരദേശ നിയന്ത്രണ മേഖലയിലുള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2749 നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നഗരസഭകള്‍ തീരദേശ നിയന്ത്രണ മേഖല രണ്ടിലും പഞ്ചായത്തുകള്‍ നിയന്ത്രണ മേഖല മൂന്നിലുമാണ് ഉള്‍പ്പെടുന്നത്. നേരത്തേ പഞ്ചായത്തായിരുന്ന നീലേശ്വരം നഗരസഭ 2019 മാര്‍ച്ചിലാണ് തീരദേശ നിയന്ത്രണ മേഖല രണ്ടിലേക്ക് മാറിയത്. നിയന്ത്രണ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയമവ്യവസ്ഥകളാണുള്ളത്.
നിയന്ത്രണ മേഖലയിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങളും അഭിപ്രാ യങ്ങളും ശേഖരിക്കുന്നതിനായി ഡിസംബര്‍ 19 ന് ചെര്‍ക്കളയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആദ്യ ഹിയറിങ് നടന്നിരുന്നു. അന്ന് പട്ടികയിലുള്‍പ്പെട്ട 1488 പേരില്‍ 1233 പേരായിരുന്നു ഹിയറിങ്ങിനെത്തിയത്. തീരപ്രദേശത്തെ മത്സ്യമേഖലയിലുള്ളവരുടെയും തദ്ദേശവാസികളുടെയും ജീവിത സുരക്ഷ ഉറപ്പു വരുത്തുക, സമുദ്രതീരത്തെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നിവയാണ് നിയന്ത്രിത മേഖലയായി തിരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.