വീടുകളിൽ സാമൂഹിക അകലം പാലിച്ചു പൊങ്കാലയിടണമെന്നു കളക്ടർ

16

ത്രിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല വീടുകളിൽ മാത്രമാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. വീടുകളിൽ പൊങ്കാലയിടുമ്പോൾ സാമൂഹിക അലകം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ ശ്രദ്ധവയ്ക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

പൊങ്കാലയുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്നു കളക്ടർ പറഞ്ഞു. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങിൽ കഴിയുന്നത്രയും കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണം. നിരത്തുവക്കിലും മറ്റു പൊതുസ്ഥലങ്ങളിലും പൊങ്കാലയിടുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യം ക്ഷേത്ര ഭരണസമതിയും ഉറപ്പാക്കണം. വീടുകളിൽ പൊങ്കാലയിട്ട ശേഷം ആളുകൾ കൂട്ടമായി ക്ഷേത്ര ദർശനത്തിന് എത്തുന്നത് ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.

ദർശനത്തിനെത്തുന്ന ഭക്തർ ക്ഷേത്ര പരിസരത്ത് കൂട്ടംകൂടാൻ പാടില്ല. പത്തു വയസിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ക്ഷേത്രപരിസരത്ത് 10 സെക്ടറൽ മജിസ്ട്രേറ്റുമാരെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും കളക്ടർ അഭ്യർഥിച്ചു.

NO COMMENTS