ബി.എസ്.എന്‍.എല്ലിലെ 50 വയസ്സ് പിന്നിട്ട ജീവനക്കാരുടെ സര്‍വീസ് വിവരങ്ങള്‍ ശേഖരിക്കുന്നു.

81

കൊല്ലം : ബി.എസ്.എന്‍.എല്ലിലെ 50 വയസ്സ് പിന്നിട്ട എല്ലാ ജീവനക്കാരുടെയും സര്‍വീസ് വിവരങ്ങള്‍ ശേഖരിക്കുന്നു. എക്സിക്യുട്ടീവ്, നോണ്‍ എക്സിക്യുട്ടീവ് ജീവനക്കാരുടെയും സര്‍വീസ് വിവരങ്ങളും ശേഖരിക്കുന്നു. ഇതിനായി അക്കൗണ്ട്സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ എല്ലാ ജില്ലാ ജനറല്‍ മാനേജര്‍ ഓഫീസുകളിലും പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.

അടിയന്തര സ്വഭാവത്തോടെ വിവരശേഖരണം പൂര്‍ത്തിയാക്കണമെന്നും പ്രത്യേക സംഘത്തിലെ ജീവനക്കാര്‍ സെപ്റ്റംബര്‍ 30 വരെ പരമാവധി അവധിയെടുക്കാതെ ജോലി ചെയ്യണമെന്നുമാണ് നിര്‍ദേശം. അവധിയെടുക്കേണ്ടിവന്നാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം. ബി.എസ്.എന്‍.എല്‍. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി വി.ആര്‍.എസ്. ഏര്‍പ്പെടുത്താനാണ് അടിയന്തര വിവരശേഖരണമെന്ന് കരുതുന്നു. അവധി സംബന്ധമായ വിവരങ്ങള്‍, സര്‍വീസ് വെരിഫിക്കേഷന്‍, അവധി ശമ്ബളം, പെന്‍ഷന്‍ വിഹിതം എന്നിവയുടെയെല്ലാം വിശദമായ റിപ്പോര്‍ട്ട് അയയ്ക്കണം.

എല്ലാ ജീവനക്കാരുടെയും സര്‍വീസ് ബുക്ക് വിവരങ്ങള്‍ ശേഖരിച്ച്‌ ഡല്‍ഹി കോര്‍പ്പറേറ്റ് ഓഫീസിലെ പെന്‍ഷന്‍ വിഭാഗത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കഴിഞ്ഞയാഴ്ച അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കിള്‍, ടെലികോം ജില്ല, റീജന്‍, ടെലികോം സ്റ്റോറുകള്‍, ഫാക്ടറികള്‍ എന്നിവയുടെ തലവന്മാര്‍ക്കാണ് കത്ത് നല്‍കിയത്.

എല്ലാ ജീവനക്കാരുടെയും സര്‍വീസ് വിവരങ്ങള്‍ ശേഖരിക്കണമെന്ന് പറയുന്ന കത്തില്‍ ഓഗസ്റ്റ് 31-ന് 50 വയസ്സ് പിന്നിട്ടവരുടെ വിവരങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

18 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരുടെയും വിരമിക്കാന്‍ അഞ്ചുവര്‍ഷം മാത്രം അവശേഷിക്കുന്നവരുടെയും വിവരങ്ങള്‍ അയയ്ക്കണമെന്നുകാട്ടി നേരത്തേ വിവിധ കത്തുകള്‍ കോര്‍പ്പറേറ്റ് ഓഫീസില്‍നിന്ന് നല്‍കിയിരുന്നു. പെന്‍ഷന്‍ കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുമാണ് വിവരം ശേഖരിക്കുന്നതെന്നാണ് ഔദ്യോഗികമായി ‌പറഞ്ഞിരുന്നത്.

NO COMMENTS