കേരളത്തില്‍ എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി – പോലീസ് അന്വേഷണം ആരംഭിച്ചു

161

തിരുവനന്തപുരം: മാര്‍ച്ചില്‍ തിരുവനന്തപുരത്ത് സന്ദര്‍ശനത്തിന് എത്തിയ ജര്‍മന്‍ സ്വദേശി ലിസ വെയ്‌സിനെയാണ് കാണാതായത്. ഇക്കാര്യം വിശദീകരിച്ച്‌ ജര്‍മന്‍ കോണ്‍സുലേറ്റ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.
ലിസയുടെ അമ്മ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് അവര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. വലിയതുറ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

അമൃതപുരിയില്‍ പോകാനുള്ള വിലാസമാണ് ലിസയുടെ കൈവശം ഉണ്ടായിരുന്നതത്രെ. ഇവിടെക്ക് ലിസ പോയിട്ടുണ്ടോ അല്ലെങ്കില്‍ മറ്റെവിടെങ്കിലും പോയോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
ലിസയ്‌ക്കൊപ്പം മുഹമ്മദലി എന്ന അമേരിക്കന്‍ പൗരനുണ്ടായിരുന്നു. ഇയാള്‍ നാട്ടിലേക്ക് മടങ്ങി. ഇയാളുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചുവരികയാണ്.

മാര്‍ച്ചിലാണ് 30കാരിയായ ലിസ കേരളത്തില്‍ എത്തിയത്. ഈ ആഴ്ചയാണ് പരാതി രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞവര്‍ഷം വിദേശ വനിതയെ കാണാതാകുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ പുതിയ സംഭവം പോലീസ് ഗൗരവത്തിലാണ് കാണുന്നത്.

NO COMMENTS