താലൂക്ക് സപ്ലൈ ഓഫീസിൽ കെട്ടിക്കിടക്കുന്ന പരാതികൾ ഒരു മാസത്തിനകം പരിഹരിക്കും

31

തിരുവനന്തപുരം : താലൂക്ക് സപ്ലൈ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, സിവിൽ സപ്ലൈസ് ഡയറക്‌ട്രേറ്റ്, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നൽകുന്ന പരാതികൾ മോണിറ്റർ ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും.

ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പറും ജനങ്ങൾക്ക് ലഭ്യമാക്കും. നിലവിൽ പരാതി സമർപ്പിക്കാനുള്ള ടോൾഫ്രീ നമ്പറായ 1967 നെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തും. min.food@kerala.gov.in എന്ന മെയിലിലൂടെ മന്ത്രിക്ക് നേരിട്ടും പരാതി സമർപ്പിക്കാം.

കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രി പൊതുജനങ്ങളിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും ആശയങ്ങളും നിർദ്ദേശങ്ങളും സമാഹരിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് തീരുമാനം. ഫോണിലൂടെയും സൂം മീറ്റിലൂടെയും നൂറു കണക്കിന് ആളുകളാണ് പരാതികളും നിർദ്ദേശങ്ങളും അറിയിച്ചത്. ഇതിൽ റേഷൻ കാർഡ് ലഭിച്ചില്ലെന്ന പരാതികളും ഉണ്ടായിരുന്നു. ദീർഘകാലമായി റേഷൻ കാർഡ് ലഭിക്കാതിരുന്ന ചില കേസുകളിൽ അടിയന്തര നടപടി സ്വീകരിച്ച് റേഷൻ കാർഡ് ലഭ്യമാക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

ജനങ്ങളുമായി സംവദിക്കുന്നത് തുടരാനും തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് മുതൽ എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ മൂന്നു മണി വരെ ഫോൺ ഇൻ പരിപാടി നടത്തും. ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് മന്ത്രിയെ ഇതിലൂടെ നേരിട്ട് അറിയിക്കാം.

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് അത് സ്വയം ഒഴിവാക്കുന്നതിന് അവസരം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതിന് ഒരു മാസം (ജൂൺ 30 വരെ) ഗ്രേസ് പീരീഡ് അനുവദിക്കും. ഈ സമയത്തിനുള്ളിൽ കാർഡ് സറണ്ടർ ചെയ്യുന്നവർക്ക് പിഴ ചുമത്തുകയോ ശിക്ഷാ നടപടികൾ സ്വീകരിക്കുകയോ ചെയ്യില്ല. നേരിട്ട് കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് റേഷൻ കടയുടെ പരിധിയിലുള്ള മറ്റൊരാളെ പ്രോക്‌സിയായി വയ്ക്കുന്നതിനുള്ള സംവിധാനം ലളിതവും കാര്യക്ഷമവും ആക്കും.

നെറ്റ്‌വർക്ക്, സെർവർ തകരാർ സംഭവിച്ചാലും അര മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് റേഷൻ നൽകാൻ സംവിധാനം ഒരുക്കും. ഇതിലൂടെ റേഷൻ കടകളിൽ അരമണിക്കൂറിൽ കൂടുതൽ കാത്തുനിൽക്കേണ്ടി വരില്ല. ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് വേഗത്തിൽ സേവനം ലഭ്യമാക്കും. റേഷൻ കട, സപ്‌ളൈകോ ഔട്ട്‌ലെറ്റുകളില്ലാത്ത ആദിവാസി, തൊഴിലാളി സെറ്റിൽമെന്റുകളിൽ മൊബൈൽ റേഷൻകട/ മാവേലി സ്‌റ്റോർ എന്നിവ വ്യാപകമാക്കും. ഇ പോസ് മെഷീൻ, വെയിംഗ് മെഷീൻ എന്നിവ സംയോജിപ്പിക്കുന്ന നടപടി ഈ വർഷം പൂർത്തിയാക്കി കാർഡുടമക്ക് ലഭിക്കുന്ന റേഷന്റെ അളവിലെ കൃത്യത ഉറപ്പുവരുത്തും.

കോവിഡ് പശ്ചാത്തലത്തിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് വാർഡ് അംഗത്തിന്റെ സഹായത്തോടെ വീടുകളിൽ റേഷൻ എത്തിക്കാൻ നടപടിയെടുക്കും. മാസ്‌ക്ക്, സാനിറ്റൈസർ, പൾസ് ഓക്‌സിമീറ്റർ തുടങ്ങിയവ വിലകൂട്ടി വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, റവന്യു ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാവും പരിശോധന. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉയർത്തും. ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കാനും നടപടി സ്വീകരിക്കും.

നെല്ലു സംഭരണം കൂടുതൽ കർഷക സൗഹൃദമാക്കി കൃത്യസമയത്ത് സംഭരിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും.
മത്സ്യത്തൊഴിലാളികൾക്ക് 22 ഇനം ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന സൗജന്യ കിറ്റ് നൽകാൻ ഇതിനകം സർക്കാർ ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി പി. വേണുഗോപാൽ, ഡയറക്ടർ ഹരിത വി. കുമാർ, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

NO COMMENTS