ഇന്ത്യയില്‍ 650 കോടിയിലധികം വിറ്റു വരവുള്ള ‘ റാനിറ്റിഡിന്‍ ‘ മരുന്നുകളുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്ക

176

കൊച്ചി : ഇന്ത്യയില്‍ 650 കോടിയിലധികം വിറ്റു വരവുള്ള ‘ റാനിറ്റിഡിന്‍ ‘ മരുന്നുകളുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്ക ഉയര്‍ന്നതിനു പിന്നാലെ പ്രധാന കമ്പനികള്‍ മരുന്ന് പിന്‍വലിച്ചുതുടങ്ങി. അതേസമയം, കൊല്‍ക്കത്തയിലെ ലാബിലെ പരിശോധന പൂര്‍ത്തിയായാലേ രാജ്യത്തെ നിരോധനത്തിന്റെ കാര്യത്തില്‍ തീരുമാനമാകൂ. ഉദര സംബന്ധ മായ അസുഖങ്ങള്‍ക്കും അള്‍സറിനും ആന്റിബയോട്ടിക്കുകള്‍ പോലുള്ള മരുന്നുകള്‍ കഴിക്കുമ്പോഴുണ്ടാകുന്ന ആമാശയ പ്രശ്നങ്ങള്‍ മാറ്റുന്നതിനുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളില്‍ പ്പെടുന്ന ഇതിന്റെ 150-ലധികം ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്.

അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) വകുപ്പാണ് അര്‍ബുദത്തിന് കാരണമാകുന്ന കാര്‍സിനോജെന്‍ വസ്തുക്കളുടെ സാന്നിധ്യം ചില മരുന്നുകളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലും നിയന്ത്രണങ്ങളോ നിരോധനമോ നിലവില്‍വന്നു.

ഓരോനാട്ടിലും ഉപയോഗിക്കുന്ന മരുന്നുകളില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് എഫ്.ഡി.എ. നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലും എല്ലാ നിര്‍മാതാക്കളും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്ന ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഗ്ലാക്സോ അടക്കമുള്ള കമ്ബനികള്‍ മരുന്ന് പിന്‍വലിച്ചു.

വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡുകളുടെയും സാമ്ബിളെടുത്ത് കൊല്‍ക്കത്തയിലെ ലാബിലേക്കയക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കിട്ടിയ മരുന്നുകളുടെ പരിശോധന പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിരോധനമേര്‍പ്പെടുത്തേണ്ടത്. കേരളത്തിലെ മൊത്തവിതരണക്കാരോട് മരുന്നിന്റെ വിതരണം താത്കാലികമായി മരവിപ്പിക്കാന്‍ അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വില കുറവുളളതിനാല്‍ ഏറെ ഉപയോഗിക്കപ്പെടുന്ന മരുന്ന് നിത്യേന ശുപാര്‍ശ ചെയ്യുന്നതില്‍നിന്ന് ഡോക്ടര്‍മാര്‍ മാറിനില്‍ക്കണം. പകരം ഉപയോഗിക്കാവുന്ന മരുന്നുകള്‍ ഏറെ ലഭ്യമാണ്.

ഡോ. ബി.പത്മകുമാര്‍
ആലപ്പുഴ മെഡിക്കല്‍കോളേജ്‌

NO COMMENTS