മത്സ്യത്തൊഴിലാളികൾക്ക് സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കും- മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

167

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾക്ക് സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിനായി ആധുനിക സാങ്കേതികവിദ്യയിലൂന്നിയ പരിശീലനം ലഭ്യമാക്കുമെന്നും ഫിഷറീസ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. വിഴിഞ്ഞം ഫിഷറീസ് ട്രെയിനിംഗ് സെന്റർ, ഫിഷറീസ് സ്‌റ്റേഷൻ, ഫിഷറീസ് കൺട്രോൾ റൂം എന്നിവയടങ്ങിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഉൾക്കടലിലേക്ക് പോകുന്നതു മുതൽ തിരികെ എത്തുന്നത് വരെയുള്ള കൃത്യമായ വിവരങ്ങൾ ഈ സെന്റർ പ്രവർത്തനക്ഷമമാകുന്നതോടെ അറിയാനാകും. ബയോമെട്രിക് കാർഡ്, സാഗര മൊബൈൽ ആപ്പ് എന്നിവ മത്സ്യത്തൊഴിലാളികൾ പ്രയോജനപ്പെടുത്തണം. സുരക്ഷാ മാർഗ്ഗങ്ങൾക്കായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കടക്കം പരിശീലനം നൽകും. മൊബൈൽ മറൈൻ ആംബുലൻസ് സർവീസ് ലഭ്യമാക്കും. രജിസ്‌ട്രേഷൻ ഇല്ലാത്ത യാനങ്ങൾ ജൂണിനുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം. വള്ളങ്ങളും യന്ത്രങ്ങളും ഈ മാസം തന്നെ ഇൻഷുർ ചെയ്തിരിക്കണം.

കാലഹരണപ്പെട്ട ബോട്ടുകൾ മാറ്റി സബ്‌സിഡി നിരക്കിൽ പുതിയ ബോട്ടുകൾ നൽകും. സർക്കാർ ഒരു കോടി രൂപ ഇൻഷുറസ് പ്രീമിയത്തിനായി മാറ്റിവെച്ചിട്ടുണ്ട്. പ്രീമിയത്തിന്റെ 90 ശതമാനം സർക്കാർ നൽകും. വിഴിഞ്ഞം ഹാർബറിന്റെ പ്രവർത്തനം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 48 മണിക്കൂറെങ്കിലും മീനുകൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കും. വാർഫിന്റെ നീളം കൂട്ടി എല്ലാവർക്കും മത്സ്യബന്ധനം നടത്താനുള്ള സൗകര്യമൊരുക്കും. ഹാർബറിലുണ്ടാകുന്ന അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

ഗോവയിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ ജില്ലയിലെ സീ റസ്‌ക്യൂ സ്‌ക്വാഡ് അംഗങ്ങളായ 40 മത്സ്യത്തൊഴിലാളികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സാഫ് തീരമൈത്രി ഗ്രൂപ്പുകൾക്കുള്ള പലിശരഹിത റിവോൾവിംഗ് ഫണ്ട് വിതരണവും മന്ത്രി നിർവഹിച്ചു.

കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം കാര്യക്ഷമമായി നടപ്പിലാക്കുക, കടൽ രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക, മത്സ്യത്തൊഴിലാളികൾക്ക് പരിശഈലനം നൽകുക, ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുക, കാലാവസ്ഥാ മുന്നറിയിപ്പുകൾ യഥാസമയം നൽകുക എന്നിവയ്ക്കായാണ് ഫിഷറീസ് ട്രയിനിംഗ് സെന്റർ ആരംഭിച്ചിരിക്കുന്നത്.

ചടങ്ങിൽ ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി, കൗൺസിലർമാരായ എൻ. എ. റഷീദ്, ഷൈനി വിൽഫ്രഡ്, നിസാബീവി, ഓമന, വിഴിഞ്ഞം ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ, അരുൾദാസ് തുടങ്ങിയവർ സംസാരിച്ചു. ചീഫ് എഞ്ചിനീയർ പി. കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

NO COMMENTS