സി ബി ഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ കൊല്‍ക്കത്തയില്‍ സംഘര്‍ഷം തുടരുന്നു; കേന്ദ്രം പക പോക്കുകയാണ്; മമതാ ബാനര്‍ജി

176

കൊല്‍ക്കത്ത: ചിട്ടി തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ കൊല്‍ക്കത്തയില്‍ സംഘര്‍ഷം തുടരുന്നു. കേന്ദ്രസര്‍ക്കാരിനെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി മുഖ്യമന്ത്രി മമതാ ബാനര്‍ജി രാത്രി നീണ്ട സത്യാഗ്രഹം നടത്തി. സി ബി ഐയെ ഉപയോഗിച്ച്‌ കേന്ദ്രം പക പോക്കുകയാണ് എന്നാണ് മമതാ ബാനര്‍ജിയുടെ വിമര്‍ശനം. അജിത് ഡോവല്‍ പ്രധാനമന്ത്രിക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുകയാണ്. ഡോവല്‍ പറയുന്നത് അനുസരിക്കുകയാണ് സി ബി ഐ മമത ബാനര്‍ജി ആരോപിച്ചു.ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ടാണ് സി ബി ഐ സംഘം കൊല്‍ക്കത്തയില്‍ എത്തിയത്. കമ്മീഷണറുടെ വീടിന് മുന്നില്‍ വെച്ച്‌ പോലീസ് ഇവരെ തടയുകയും പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഉദ്യോഗസ്ഥരെ രാത്രിയോടെ വിട്ടയച്ചു. എന്നാല്‍ ഇതേച്ചൊല്ലിയുള്ള സംഘര്‍ഷം ഇനിയും അവസാനിച്ചിട്ടില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മമതാ ബാനര്‍ജി മെട്രോ ചാനലില്‍ സത്യാഗ്രഹമിരിക്കുകയായിരുന്നു.കമ്മീഷണര്‍ രാജീവ് കുമാറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും മമതാ ബാനര്‍ജിക്ക് ഒപ്പമുണ്ടായിരുന്നു.രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, ശരത് പവാര്‍, തേജസ്വി യാദവ് തുടങ്ങിയ നേതാക്കള്‍ മമതാ ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമാക്കിയതിന്റെ പകയാണ് കേന്ദ്രത്തിന് എന്നാണ് മമതാ ബാനര്‍ജിയുടെ ആരോപണം. മമതാ ബാനര്‍ജിയുടെ ആരോപണം പ്രതിപക്ഷ പാര്‍ട്ടികളും ശരിവെക്കുന്ന തരത്തിലാണ് മറ്റ് നേതാക്കളുടെ പ്രതികരണങ്ങള്‍.

NO COMMENTS