തിരുവനന്തപുരം ∙ കെ.എം.മാണിയെ പിന്തുണയ്ക്കാതെയും ആർ.സുകേശനെ തള്ളിപ്പറഞ്ഞും കോണ്‍ഗ്രസ്. അന്വേഷണത്തിനിടെ തിരിച്ചും മറിച്ചും നിലപാടെടുത്ത സുകേശനെ തുടരന്വേഷണം ഏല്‍പിക്കരുതെന്ന് രമേശ് ചെന്നിത്തലയും വി.എം.സുധീരനും ആവശ്യപ്പെട്ടു. മാണി അന്വേഷണം നേരിട്ട് നിരപരാധിത്വം തെളിയിക്കട്ടെ എന്നും നേതാക്കള്‍ വ്യക്തമാക്കി.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കും തുടര്‍നടപടികള്‍ക്കും പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് ആദ്യം ഉന്നയിക്കുന്നത്. സുധീരനും ബാര്‍ കോഴക്കേസ് അന്വേഷണകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരേ സ്വരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി.ആര്‍.സുകേശനെ തള്ളിപ്പറഞ്ഞു.
പുതിയ നടപടികളില്‍ രാഷ്ട്രീയം ആരോപിക്കുമ്പോഴും കെ.എം.മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയാറല്ല. അന്വേഷണം നേരിടുന്നത് കെ.എം.മാണിയാണെങ്കിലും ബാര്‍ കോഴക്കേസിന്റെ ഉത്തരവാദിത്തം യുഡിഎഫിലെ പ്രമുഖരിലേക്കും നീളുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അതുതന്നെയാണ് കരുതലോടെയുള്ള പ്രതികരണത്തിന് കാരണവും.