തിരുവനന്തപുരം• ഡിസിസി പുനഃസംഘടന എത്രയും വേഗം വേണമെന്ന് എഐസിസി. 14 ഡിസിസികളിലെയും പുനഃസംഘടന നിര്‍ദേശം ഇന്നുതന്നെ നല്‍കണമെന്നും കേരളത്തിന്‍റെ ചുമതലയുള്ള എെഎസിസി അംഗം മുകുള്‍ വാസ്നിക് തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളെ ചേര്‍ത്ത് അച്ചടക്കസമിതി രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്.പുനഃസംഘടനയും അതിനുശേഷം സംഘടനാ തിരഞ്ഞെടുപ്പും എന്ന ആശയം തന്നെ അപ്രായോഗികമാണെന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ്, കെപിസിസിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ തുടങ്ങി താഴേക്കുള്ള ഘടകങ്ങളുടെ പുനഃസംഘടനയാണ് 21 അംഗസമിതിയുടെ മുന്നിലെത്തുന്ന പ്രധാന അജന്‍ഡ.ഡിസിസികളില്‍ യുവാക്കള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണം, ഡിസിസി പ്രസിഡന്റുമാരുടെ പ്രായം 60 കടക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്.ഒക്ടോബര്‍ അവസാനത്തോടെ ഡിസിസി പുനഃസംഘടന പൂര്‍ത്തിയാക്കിയാല്‍, കെപിസിസി പുനഃസംഘടനയും പിന്നാലെ ഉണ്ടാകും. ജംബോ കമ്മറ്റികള്‍ മാത്രം മാറിയാല്‍പോര, കെപിസിസി അധ്യക്ഷ സ്ഥനത്തും മാറ്റം വേണമെന്ന അഭിപ്രായം എ, ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. ബാര്‍കോഴ കേസില്‍, കെ.ബാബുവിനെതിരെയുള്ള അന്വേഷണം കടുക്കുമ്ബോഴും പിന്തുണക്കാതെ നില്‍ക്കുന്ന വി.എം.സുധീരന്റെ നിലപാടിനെതിരെ എ ഗ്രൂപ്പില്‍ കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഗ്രൂപ്പിനതീതമായി തന്റെ നിലപാടിനു പിന്തുണ കിട്ടുമെന്നാണു സുധീരന്റെ കണക്കുകൂട്ടല്‍. ഗ്രൂപ്പുകള്‍ക്കൊപ്പം, എഐസിസിയോട് അടുത്തു നില്‍ക്കുന്നവരുടെ അഭിപ്രായവും രാഷ്ട്രീയകാര്യസമിതിയില്‍ പുതിയ ശബ്ദമായി ഉയര്‍ന്നേക്കാം.