ന്യൂഡല്‍ഹി • പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആഭ്യന്തര സുരക്ഷയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രകോപനം തുടരുന്ന പാക്കിസ്ഥാനോടു പ്രധാനമന്ത്രിയുടെ മൃദുസമീപനമല്ല ആവശ്യമെന്നു പാര്‍ട്ടി വക്താവ് അഭിഷേക് സിങ്വി പറഞ്ഞു.
ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട അദ്ദേഹം ഏഴു നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കുക, ഉറി ഭീകരാക്രമണത്തെയും ആഭ്യന്തര സുരക്ഷയെയുംകുറിച്ചു പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുക, പാക്കിസ്ഥാനെതിരെ സമ്ബൂര്‍ണ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തുക, ഇഷ്ടരാജ്യ (എംഎഫ്‌എന്‍) പദവി എടുത്തുകളയുക, പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെയും ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനിലെയും ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കുക, അഭയാര്‍ഥിത്വത്തിനു വേണ്ടി ബലൂച് നേതാവ് ബ്രഹാംദാഗ് ബുഗ്തി നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കുക, രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണു കോണ്‍ഗ്രസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍.