ന്യൂഡല്‍ഹി• ഗോവ ആതിഥ്യം വഹിക്കുന്ന എട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഔദ്യോഗിക ചിഹ്നമായി താമര ഉപയോഗിക്കുന്നതിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ, രാഷ്ട്രീയനേട്ടം കൊയ്യുക എന്ന ലക്ഷ്യവുമായാണു ബിജെപി സ്വന്തം ചിഹ്നം ബ്രിക്സ് സമ്മേളനത്തിന്റെയും ഔദ്യോഗിക ചിഹ്നമാക്കിയിരിക്കുന്നതെന്നാണു കോണ്‍ഗ്രസിന്റെ പരാതി. നവംബര്‍ 15, 16 തിയതികളിലാണു ബ്രിക്സ് ഉച്ചകോടി നടക്കുക.
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബ്രിക്സ് ഉച്ചകോടിയെ രാഷ്ട്രീയവല്‍ക്കാരിക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്നും കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ശാന്താറാം നായിക്ക് തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു ബ്രിക്സ് 2016ന്റെ ചിഹ്നം ഉപയോഗിക്കാനാണു ബിജെപിയുടെ നീക്കം. അടുത്ത വര്‍ഷം ആദ്യം ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്. ബ്രിക്സ് ഉച്ചകോടിയുടെ ഔദ്യോഗിക ചിഹ്നമായി താമര ഉപയോഗിക്കുന്നതിലൂടെ അതിനെയും കാവിവല്‍ക്കരിക്കാനാണ് ബിജെപിയുടെ നീക്കം – സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു പരാതി സമര്‍പ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട ശാന്താറാം നായിക്ക് ആരോപിച്ചു. 1968ലെ തിരഞ്ഞെടുപ്പ് ചിഹ്ന ഓര്‍ഡറിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ബിജെപിയുടെ തിരഞ്ഞെടുപ്പു ചിഹ്നം റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ശാന്താറാം നായിക്ക് എംപി ആവശ്യപ്പെട്ടു.
രാജ്യതലസ്ഥാനത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥാപിക്കുന്ന ബ്രിക്സിന്റെ പോസ്റ്ററുകളില്‍ തിരഞ്ഞെടുപ്പു ചിഹ്നം ഉപയോഗിക്കുന്നതിലൂടെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുകയാണു ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള പണമുപയോഗിച്ചു നേട്ടം കൊയ്യുന്നതു തിരഞ്ഞെടുപ്പ് ചിഹ്ന ഓര്‍ഡറിനു വിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ ബിജെപിയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ താമര റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ പോസ്റ്ററുകള്‍ ബിജെപിയെ സഹായിക്കുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനു ബ്രിക്സിന്റെ ഔദ്യോഗിക ചിഹ്നമായി താമര ഉപയോഗിക്കുന്നതില്‍നിന്നു പിന്മാറാന്‍ ബ്രിക്സ് അധികാരികളോട് ആവശ്യപ്പെടണമെന്നും പരാതിയില്‍ പറയുന്നു.