ന്യൂഡൽഹി:നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുമ്പ് വിദേശത്തുനിന്ന് മൂന്ന് സീരീസിൽ വ്യാജനോട്ട് പ്രിന്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ലഭിച്ച ഒളിക്യമറാ ദൃശ്യങ്ങൾ കോൺഗ്രസ് ഇതിന് തെളിവായി പുറത്തുവിട്ടു.
രാഹുൽ രതരേകർ എന്ന ഉദ്യേഗസ്ഥനാണ് വീഡിയോയിലുള്ളത്. ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീൽഡ് അസിസ്റ്റന്റാണ് ഇദ്ദേഹം. മൂന്നു സീരീസുകളിലായി ഒരുലക്ഷം കോടി വീതം വ്യാജനോട്ടുകൾ പ്രിന്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുൽ പറയുന്നുണ്ടെന്ന് സിബൽ ആരോപിച്ചു.
ഇത്തരത്തിൽ വിദേശത്തുനിന്ന് എത്തിച്ച പണം രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും മാറ്റി നൽകി. ഇതിൽ സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പങ്കാളികളാണ്. ബി ജെ പി അധ്യക്ഷൻ അമിത് ഷായ്ക്കും ഇതിൽ പങ്കുണ്ടെന്ന് സിബൽ ആരോപിച്ചു.
നോട്ട് നിരോധനത്തിനു മുമ്പേ തന്നെ മൂന്നു സീരീസുകളുടെ ഒരു ലക്ഷം കോടിരൂപ വീതം നോട്ടുകൾ ഇന്ത്യയിലെത്തിച്ചു. വിദേശത്താണ് ഇത് പ്രിന്റ് ചെയ്തിരുന്നത്.ഈ പണം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്.
വ്യവസായികൾക്കും രാഷ്ട്രീയക്കാർക്കുമാണ് ഈ നോട്ടുകൾ കൈമാറിയത്. ഇക്കാര്യം ആർ ബി ഐക്ക് അറിയാമായിരുന്നെന്നും കോൺഗ്രസ് ആരോപിച്ചു. മഹാരാഷ്ട്രാ ഇൻഡസ്ട്രിയൽ കോർപറേഷന്റെ ഗോഡൗണിലാണ് ഇടപാടുകൾ നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രീയക്കാരും വ്യവസായികളും ഈ ഗോഡൗണിലെത്തി നോട്ടുകൾ മാറ്റി വാങ്ങിപ്പോവുകയായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപണം.