ബെംഗളൂരു: കോടതി വിധിയെ സ്പീക്കറും കോണ്‍ഗ്രസ് നേതാക്കളും ആദ്യം സ്വാഗതം ചെയ്തു. എന്നാല്‍ വിധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു. വിമതരുടെ രാജിയിലും അയോഗ്യത നടപടിയിലും സ്പീക്കര്‍ക്ക് തിരുമാനമെടുക്കാമെന്നായിരുന്നു കോടതി വിധി. എന്നാല്‍ വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാര്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന 15 വിമത എം എല്‍ എ മാരുടെ ഹരജിയില്‍ ഇന്ന് രാവിലെയാണ് സുപ്രീം കോടതി ഇടക്കാല വിധി പുറപ്പെടുപ്പിച്ചത്.
തന്‍റെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള വിധിയല്ല കോടതി പുറപ്പെടുവിച്ചതെന്നും കോടതി ഉത്തരവോടെ തന്‍റെ ഉത്തരവാദിത്തം വര്‍ധിച്ചുവെന്നുമായിരുന്നു സ്പീക്കര്‍ പ്രതികരിച്ചത്. വിധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവുവും. വിധി നിയമസഭയുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഗുണ്ടുറാവു പ്രതികരിച്ചു. കൂറുമാറുന്നവരെ സംരക്ഷിക്കുന്ന, കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് ഗുണ്ടു റാവു ട്വീറ്റ് ചെയ്തു. സുപ്രീം കോടതിയുടെ വിധി വിപ്പ് ലംഘിക്കാന്‍ എംഎല്‍എമാരെ സഹായിക്കുന്നതാണ്.
ഭരണഘടനയുടെ പത്താം പട്ടികയ്ക്ക് വിരുദ്ധമാണ് വിധിയെന്നും റാവു ട്വീറ്റ് ചെയ്തു.വിമതരുടെ രാജിക്കാര്യത്തില്‍ സമയപരിധിക്കുള്ളില്‍ തിരുമാനമെടുക്കാന്‍ സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്നായി രുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് പുറപ്പെടുവിച്ച ഇടക്കാല വിധി. നിയമപരമായി നേരിടും – കെ സി വേണുഗോപാല്‍നിയമസഭയുടേയും സ്പീക്കറുടേയും അധികാരത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് എങ്ങനെയാണ് സാധിക്കുകയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ ചോദിച്ചു. വിധി കൂട്ട കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു.ഒരംഗം കൂറുമാറി വോട്ട് രേഖപ്പെടുത്തിയാല്‍ അയോഗ്യതാ നടപടി സ്വീകരിക്കാനുള്ള അധികാരം സ്പീക്കര്‍ക്കുണ്ട്. എന്നാല്‍ ആ അധികാരത്തെ ഇല്ലാതാക്കുന്നതാണ് വിധി.
വിപ്പ് നല്‍കുന്നതും നിയമസഭയില്‍ പങ്കു ചേരുക എന്നതും രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാര പരധിയില്‍ വരുന്ന കാര്യങ്ങളാണ്. അതില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല. വിധിയെ നിയമപരമായി തന്നെ നേരിടുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.