കൊച്ചി ; യുഡിഎഫിന് വേരുകളുള്ള മണ്ഡലമാണ് തൃക്കാക്കര. പി.ടി തോമസ് മരിച്ചതിന്റെ സഹതാപവോട്ടല്ല ഉദ്ദേശമെന്നും വോട്ടർമാരുടെ ഹൃദയം കീഴടക്കാൻ കഴിവുള്ള സ്ഥാനാർഥിയാണ് ഉമ തോമസ് എന്നും ഉപതിരഞ്ഞെടുപ്പിൽ വലിയ വിജയമാണ് കോൺഗ്രസ് പ്രതീക്ഷി ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
നേരത്തെ തന്നെ മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെന്നും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രാദേശിക എതിർപ്പുകളെ അവഗണിക്കുന്നുവെന്നും അവരെ നിർത്തേണ്ടിടത്ത് നിർത്താൻ അറിയാമെന്നും തുടക്കത്തിലുള്ള അസ്വാരസ്യങ്ങൾ സംസാരിച്ച് പരിഹരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
യുഡിഎഫ് സർക്കാർ പലഘട്ടങ്ങളിലായി നടപ്പിലാക്കിയ നെടുമ്പാശ്ശേരി വിമാനത്താവളം, ഗെയിൽ പൈപ്പിടൽ, ഗോശ്രീ പദ്ധതി, കലൂർ സ്റ്റേഡിയം തുടങ്ങിയ പദ്ധതികൾക്കെതിരേ ഒരുകാലത്ത് ശക്തമായി ശബ്ദമുയർത്തിയ ആളുകൾ ഇപ്പോൾ എൽഡിഎഫ് സർക്കാരിന്റെ ഭാഗമായിട്ടുണ്ട്. യുഡിഎഫ് സർക്കാർ തുടങ്ങിവെച്ചിരുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ പോലും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.