യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ച പിന്നാലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

157

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ച പിന്നാലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം സഖ്യത്തെ തകര്‍ക്കാനില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. എന്നാല്‍ ബിജെപിക്കെതിരായി കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി മഹാസഖ്യം പ്രഖ്യാപിക്കപ്പെട്ടെങ്കിലും പൂര്‍ണ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.ബിഎസ്പി-എസ്പി സഖ്യത്തിന്‍റെ ഭാഗമല്ലാത്തത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക കോണ്‍ഗ്രസിന് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ച പിന്നാലെ തന്നെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമാന മനസ്കരായ പാര്‍ട്ടികള്‍ സഖ്യത്തിന് ശ്രമിച്ചാല്‍ സീറ്റ് നല്‍കുമെന്ന നിലപാടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്.അതേസമയം മഹാസഖ്യത്തെ പിണക്കേണ്ടെന്നാണ് ലഖ്നൗ യോഗത്തില്‍ കോണ്‍ഗ്രസ് കൈകൊണ്ട തിരുമാനം. എസ്പി -ബിഎസ്പി സഖ്യത്തില്‍ അര്‍ഹമായ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ്ങ് അതൃപ്തനാണ്.

അജിത് സിങ്ങ് 2014 നേതിന് സമാനമായി ഇത്തവണയും കോണ്‍ഗ്രസുമായി സഖ്യം ചേരുമോയെന്ന സാധ്യതകളും പരിശോധിക്കുന്നുണ്ട്. അതേസമയം യുപിയില്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.2017 ല്‍ എസ്പിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ യുപിയിലെ പ്രധാന വോട്ട് ബാങ്കായ ബ്രാഹ്മണരും മുന്നോക്ക സമുദായവും കോണ്‍ഗ്രസിനെ കൈവിട്ടു.

എസ്പി സഖ്യം മുന്നോക്ക വിഭാഗത്തെ ചൊടിപ്പിച്ചപ്പോള്‍ ആ വോട്ടുകള്‍ നേട്ടമായത് ബിജെപിക്കായിരുന്നു. അതേസമയം ഇത്തവണ എല്ലാ മുന്നോക്ക വോട്ടുകളും കോണ്‍ഗ്രസിന്‍റെ പെട്ടിയില്‍ ആകുമെന്നും അതുവഴി ബിജെപിക്ക് ഇരട്ട പ്രഹരം നല്‍കാന്‍ ആകുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.എസ്പിയെ മുസ്ലീം പാര്‍ട്ടിയായാണ് മുന്നോക്ക വിഭാഗം കണക്കാക്കുന്നത്. എസ്പിയുമായി സഖ്യം ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് അത് തിരിച്ചടിയായേനേ. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്, അതിനാല്‍ ഇത്തവണ കളി മാറും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

10 മുതല്‍ 15 സീറ്റുകള്‍ കോണ്‍ഗ്രസ് ഒഴിച്ചിടും. ആ സീറ്റുകള്‍ ചെറു പ്രാദേശിക പാര്‍ട്ടികള്‍ക്ക് വേണ്ടി മാറ്റിവെയ്ക്കാനാണ് തിരുമാനം. 2009 ല്‍ 22 ലോക്സഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ലഭിച്ചിട്ടുണ്ട്.അതിനാല്‍ ഇത്തവണ യുപിയില്‍ ബിജെപിയാണ് വിയര്‍ക്കാനിരിക്കുന്നത്. യുപിയിലെ പ്രധാന ശത്രു ബിജെപിയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഹിന്ദി ഹൃദയ ഭൂമിയിലെ വിജയവും കോണ്‍ഗ്രസ് തിരിച്ചുവരവും രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ വര്‍ധിച്ചതുമെല്ലാം കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.
ഇതുകൂടാതെ എസ്ബി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറംതള്ളിയ ശിവപാല്‍ യാദവ് കോണ്‍ഗ്രസ് കാമ്പില്‍ എത്തിയതും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു.ആര്‍എല്‍ഡിയും കോണ്‍ഗ്രസ് പക്ഷത്ത് എത്തുകയാണെങ്കിലും വലിയ മുന്നേറ്റം യുപിയില്‍ കോണ്‍ഗ്രസിന് നേടാനാകുമെന്നും പാര്‍ട്ടി കണക്കാക്കുന്നുണ്ട്.

NO COMMENTS