കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു മന്ത്രിപദവി രാജിവെച്ചു.

199

ദില്ലി: പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയാണെന്ന് കാണിച്ച്‌ സിദ്ധു രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ജൂണ്‍ 10ന് അയച്ച കത്ത് സിദ്ധു ട്വിറ്ററില്‍ പുറത്തുവിട്ടു. പഞ്ചാബ് കോണ്‍ഗ്രസില്‍ കുറച്ചുകാലമായി സിദ്ധുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും തമ്മില്‍ അസ്വാരസ്യം രൂക്ഷമായിരുന്നു. പല മന്ത്രിസഭാ യോഗങ്ങള്‍ക്കും സിദ്ധു എത്താതിരുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന്റെ അനന്തരഫലമാണ് സിദ്ധുവിന്റെ രാജി.

മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുമ്പോൾ മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് കൈമാറേണ്ടത്. എന്നാല്‍ സിദ്ധു രാജിക്കാര്യം അറിയിച്ചതും കത്ത് കൈമാറിയതും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായിരുന്നു. രാഹുല്‍ ഗാന്ധിക്കാണ് കത്ത് അയച്ചതെന്നും ജൂണ്‍ 10നാണ് രാജിവെച്ചതെന്നും സിദ്ധു ട്വിറ്ററില്‍ പറയുന്നു.

തദ്ദേശസ്വയംഭരണം, ടൂറിസം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളാണ് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ കൈകാര്യം ചെയ്തിരുന്നത്. മന്ത്രിസഭാ പുനസംഘടന നടത്തിയപ്പോള്‍ ഈ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധുവില്‍ നിന്ന് ഒഴിവാക്കി. ശേഷം ഊര്‍ജവകുപ്പ് മാത്രമാണ് നല്‍കിയത്. എന്നാല്‍, കഴിഞ്ഞമാസം മുതല്‍ ഇദ്ദേഹം മന്ത്രിപദവയില്‍ സജീവമല്ല. ശേഷം നടന്ന മന്ത്രിസഭാ യോഗങ്ങളിലും സിദ്ധു പങ്കെടുത്തിരുന്നില്ല.

NO COMMENTS