ഭോപ്പാൽ: നരേന്ദ്ര മോദി ഒരു വാർത്താസമ്മേളനം പോലും നടത്താത്ത ആദ്യ പ്രധാനമന്ത്രിയാണെന്ന് കോണ്ഗ്രസ് നേതാവും ചത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗൽ. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനത്തെ കുറിച്ച് ബിജെപി സംസാരിക്കുന്നില്ല. അടുത്ത അഞ്ച് വർഷത്തെ സംബന്ധിച്ച് അവർക്ക് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ പേര് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരന്തരം രംഗത്തുവരുന്നു. എന്നാൽ ബിജെപി തുടർച്ചയായി സൈന്യത്തിന്റെ പേര് പറഞ്ഞ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നു. ബിജെപിക്ക് മറ്റൊന്നും സംസാരിക്കാനില്ലെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രവർത്തകർ മോദിയുടെ പേരിൽ വോട്ട് ചോദിക്കുന്നു. എന്നാൽ മോദി സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നുവെന്നു ഭൂപേഷ് ബാഗൽ കുറ്റപ്പെടുത്തി. ബിജെപിക്ക് അധികാരം നഷ്ടമാകുമെന്നും യുപിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് ബാഗൽ കൂട്ടിച്ചേർത്തു.