പനാജി: പൗരത്വ ഭേദഗതി നിയമത്തിലെ പാർട്ടി നിലപാടിൽ പ്രതിഷേധിച്ചു ഗോവയിൽ നാല് കോണ്ഗ്രസ് നേതാക്കൾ പാർട്ടി വിട്ടു. ഇതിൽ മൂന്ന് പേർ ബിജെപിക്കൊപ്പം ചേർന്നു.
പനാജി കോണ്ഗ്രസ് മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് അമോങ്കർ, മുൻ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേഷ് കുബാൽ, മുൻ യുവജന നേതാവ് ശിവ്രാജ് താർക്കർ, വടക്കൻ ഗോവ ന്യൂനപക്ഷ സെൽ മേധാവി ജാവേദ് ശൈഖ് എന്നിവരാണ് പാർട്ടി വിട്ടത്.
അമോങ്കർ, കുബാൽ, താർക്കർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗോവയിൽ നടക്കുന്ന റാലിയിൽ ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ പങ്കെടുക്കാനിരിക്കെയാണ് കോണ്ഗ്രസ് നേതാക്കൾ ബിജെപിയിലെത്തിയത്. മൂന്നു പേരെയും ബിജെപി പാർട്ടിയിലേക്ക് സ്വാഗതം ചെയതു.
പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിർക്കുന്ന കോണ്ഗ്രസ് നിലപാട് തെറ്റാണെന്ന് അമോങ്കർ അഭിപ്രായപ്പെട്ടു. കോണ്ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെയെന്നും അമോങ്കർ പറഞ്ഞു.
പൗരത്വ ഭേദഗതിയും എൻആർസിയും സ്വാഗതം ചെയ്യുന്നതായും നേതാക്കൾ പറഞ്ഞു. കോണ്ഗ്രസ് ന്യൂനപക്ഷങ്ങളുടെ മനസിൽ ഭീതി നിറക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.