തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജന്റെ രാജി ആവശ്യപ്പെട്ട് ഈമാസം 17 ന് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടിയുടെ തിരുത്തല്‍ നടപടി മാത്രം പോരെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജിവെക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ വേണം.നാലുമാസംകൊണ്ട് സര്‍ക്കാരിന്റെ മുഖം വികൃതമായി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയുന്നതില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടു.കണ്ണൂരിലെ സ്ഥിതിഗതികള്‍ കേരള സമൂഹത്തിനാകെ ഭീഷണിയാണ്. സി.എം.എമ്മും ബി.ജെ.പിയും വ്യാപകമായി ബോംബ് നിര്‍മ്മിക്കുകയും ആയുധ ശേഖരണം നടത്തുകയും ചെയ്യുന്നു.മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളാണ് ഇരുപാര്‍ട്ടികളും നടത്തുന്നത്. ചുരുങ്ങിയ കാലത്തിനിടെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇത് അവസാനിപ്പിച്ചേ മതിയാകൂ. അക്രമം തടയുന്നതില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.