ന്യൂഡല്‍ഹി: ബി.ജെ.പി. നേതാവ് സ്മൃതി ഇറാനിയോട് തോറ്റെങ്കിലും കോണ്‍ഗ്രസിന്റെ ‘കുടുംബമണ്ഡല’ത്തെ കൈവിടില്ലെന്ന സൂചനനല്‍കിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിയിലേക്കുള്ള ഈ യാത്ര. ഒന്നരപ്പതിറ്റാണ്ടുകാലം പ്രതിനിധാനംചെയ്ത മണ്ഡലത്തില്‍ ജൂലായ് 10-നെത്തുന്ന രാഹുല്‍ പൊതു പരിപാടി കളിലൊന്നും പങ്കെടുക്കില്ല. നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങള്‍ നേരിട്ടറിയുകയാണ് ഉദ്ദേശ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ടാകും.
അമേഠിയില്‍ രാഹുലിന്റെ തോല്‍വിപഠിക്കാന്‍ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രതിനിധി കെ.എല്‍. ശര്‍മയെയും എ.ഐ.സി.സി. സെക്രട്ടറി സുബൈര്‍ ഖാനെയും നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെയും ബി.എസ്.പി.യുടെയും നിസ്സഹകരണമാണ് തോല്‍വിക്കുപിന്നിലെന്നാണ് ഇവര്‍ റിപ്പോര്‍ട്ടുനല്‍കിയത്. ഇരുപാര്‍ട്ടികളും ഇത്തവണ അമേഠിയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് പരാജയകാരണങ്ങളെക്കുറിച്ച് നേരിട്ട് പ്രവര്‍ത്തകരില്‍നിന്ന് മനസ്സിലാക്കണമെന്ന് മനീഷ് തിവാരിയെപ്പോലുള്ള നേതാക്കള്‍ രാഹുലിനെ ധരിപ്പിച്ചു. പിന്നാലെയാണ് അമേഠി സന്ദര്‍ശിക്കാനുള്ള തീരുമാനം.
എസ്.പി.ക്കും ബി.എസ്.പി.ക്കും സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ അവരുടെ വോട്ട് ബി.ജെ.പി.ക്കുപോയി എന്നുതന്നെയാണിപ്പോഴും അമേഠിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.രാഹുലിന് 2014-ല്‍ കിട്ടിയ വോട്ടിനെക്കാള്‍ കൂടുതല്‍ 2019-ല്‍ കിട്ടിയിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, 2014-ല്‍ ബി.എസ്.പി.ക്ക് കിട്ടിയ 57,000 വോട്ട് കോണ്‍ഗ്രസിന് ലഭിച്ചുമില്ല. അതിനാല്‍ 55,000 വോട്ടിന് രാഹുല്‍ തോറ്റു എന്നാണ് നേതാക്കളുടെ വാദം.