കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള നാല് നിലകളുള്ള അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം 2020 ജനുവരിയില്‍ പൂര്‍ത്തീകരിച്ചു.കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 30 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
ഇതുകൂടാതെ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സും വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മ്മാണത്തിനും 29.8 കോടി രൂപയും കാസര്‍കോട് വികസന പാക്കേജില്‍ നിന്നും വകയിരുത്തി. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
മെഡിക്കല്‍ കോളേജിലേക്ക് കുടിവെള്ള ശുദ്ധീകരണ പ്ലാന്റും കുടിവെള്ള സൗകര്യവും ഒരുക്കുന്നതിന് എട്ടുകോടി രൂപ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും കേരള വാട്ടര്‍ അതോറിറ്റിക്ക് ് കൈമാറിയിട്ടുണ്ട്.മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിന് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് ഒന്‍പത് കോടി രൂപ ചെലവില്‍ ഉക്കിനടുക്ക മെഡിക്കല്‍കോളേജ്- എല്‍ക്കാന റോഡും വികസിപ്പിച്ചു.
മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നതിനുള്ള മുഗു-മുണ്ട്യത്തടുക്ക-ബജാന റോഡിനുള്ള 10 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.ലാന്റ് സ്‌കെയിപ്പിങ്,മഴവെള്ള സംഭരണി,ഗേറ്റ് എന്നിവയുടെ നിര്‍മ്മാണത്തിനും ഫണ്ട് കണ്ടെത്തിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
കാന്റീന്‍,റെസിഡ്യന്‍ഷന്‍ കോപ്ലക്‌സ് നിര്‍മ്മാണം,ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ അധിക പ്രവൃത്തി,മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങല്‍,മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തിക്കായി 227 കോടി രൂപയുടെ പ്രോപ്പോസല്‍ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു