കോഴിക്കോട് : അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കടവ് ഭാഗത്ത് മാഹി പുഴയ്ക്ക് കുറുകെ ദേശീയ പാത ബൈപാസ് നിര്‍മാണ ത്തിന് നിര്‍മ്മിച്ച ബണ്ടുകള്‍ പൂര്‍ണ്ണമായി പൊളിച്ചുമാറ്റി. ബൈപ്പാസ് നിര്‍മ്മാണ കമ്പനിയായ ഇകെകെയോട് ബണ്ട് പൊളിച്ചു മാറ്റാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു കഴിഞ്ഞ മാസം നിര്‍ദ്ദേശിച്ചിരുന്നു. മാഹി പുഴയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച ബണ്ടുകള്‍ പ്രളയത്തിന് കാരണമായി എന്നു കാണിച്ച് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 110 മീറ്റര്‍ വീതിയില്‍ ബണ്ടുകള്‍ പൊളിച്ചു മാറ്റിയത്.
126 മീറ്റര്‍ വീതിയുള്ള പുഴയില്‍ ഇപ്പോള്‍ വെള്ളം നല്ല രീതിയില്‍ ഒഴുകിപ്പോകാനുള്ള സൗകര്യം ലഭിച്ചതായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അഴിയൂര്‍, ഏറാമല, എടച്ചേരി, തൂണേരി നാദാപുരം പഞ്ചായത്തുകളെ ആശങ്കപ്പെടുത്തിയ ബണ്ടാണ് പൂര്‍ണമായും നീക്കം ചെയ്തത്. പൊളിച്ചു നീക്കിയ പ്രദേശം ഡെപ്യൂട്ടി കലക്ടര്‍ ടി.ജനില്‍ കുമാര്‍ സന്ദര്‍ശിച്ചു. തൊട്ടടുത്തുള്ള എട്ടു മീറ്റര്‍ വീതിയിലുള്ള ബണ്ടും പൊളിച്ചുനീക്കാന്‍ ഇകെകെ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. പുഴയിലുള്ള മുഴുവന്‍ തെങ്ങ് തടികളും നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ ഉഷ കുന്നുമ്മല്‍, വില്ലേജ് ഓഫീസര്‍ ടി. പി. റിനീഷ് കുമാര്‍, ഇകെകെ കമ്പനി സീനിയര്‍ സൂപ്രണ്ട് പി.ഉമ്മര്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.