കോൾ മേഖലകളിലെ റിങ് ബണ്ടുകളുടെ നിർമ്മാണം ദ്രുതഗതിയിലാക്കണം – കൃഷി മന്ത്രി

117

തൃശൂർ : ജില്ലയിലെ കോൾ മേഖലയുമായി ബന്ധപ്പെട്ട എനമാവ്, ഇടിയഞ്ചിറ, മുനയം എന്നീ താൽക്കാലിക ബണ്ടുകളുടെ നിർമ്മാണം ദ്രുതഗതിയിലാക്കണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന് ഒരാഴ്ച്ചയ്ക്കുള്ളിൽ ധനപരമായ അനുമതി നൽകാൻ ചീഫ് എഞ്ചിനീയർക്ക് മന്ത്രി നേരിട്ട് നിർദേശം നൽകി.

നവംബർ മാസത്തിൽ ബണ്ട് നിർമ്മാണം ആരംഭിക്കണമെന്നും മന്ത്രി കളക്ടറുടെ ചേംബറിൽ ചേർന്ന തൃശൂർ-പൊന്നാനി കോൾ വികസന സമിതി യോഗത്തിൽ പറഞ്ഞു. ഇതിന് അധിക മണ്ണ് ആവശ്യമെങ്കിൽ കുറാഞ്ചേരിയിൽനിന്ന് ശേഖരിച്ച് സൂക്ഷിക്കാം. എനമാവിൽ സ്ഥിരം ബണ്ട് നിർമ്മിച്ച് കോൾ പടവുകളിലെ ജലക്രമീകരണത്തിന് സ്ഥിരം സംവിധാനം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ 8 കോടി രൂപയുടെ എസ്റ്റിമേറ്റ് തുക കണ്ടെത്തി സ്ഥിരം സംവിധാനം ഒരുക്കും.

റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 330 കോടിരൂപയുടെ പ്രവർത്തനങ്ങളാണ് കൃഷിവകുപ്പ് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. ഇതിൽ തൃശൂർ-പൊന്നാനി കോൾ മേഖലയുടെ വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

പ്രളയത്തെ തുടർന്ന് കോൾ നിലങ്ങളിൽ കയറിയ വെള്ളം ഒഴുക്കികളയുന്നതിനുള്ള നടപടികൾ അതിവേഗം കൈകൊള്ളാൻ യോഗം തീരുമാനിച്ചു. ഇതിൻെ്‌റ ഭാഗമായി കനാലുകളിലെ ചെളി നീക്കം ചെയ്യുകയും കോൾ നിലങ്ങളിൽ അടിഞ്ഞുകൂടിയ കുളവാഴ, ചണ്ടി എന്നിവ നീക്കുകയും ചെയ്യും. ഇതിൻെ്‌റ കണക്കെടുപ്പ് നടത്തി ഈ പ്രവർത്തനങ്ങൾ അതിവേഗം നടത്താൻ കെഎൽഡിസിയെ യോഗം ചുമതലപ്പെടുത്തി. ഇവ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള നിർദേശങ്ങളും ആവശ്യങ്ങളും ജില്ലാ വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യും.

കോൾപടവുകളിലെ വെള്ളം ഒഴുകിപോകുന്നതിന് തടസം സൃഷ്ടിക്കുന്ന പ്രവർത്തികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇതിനെതിരെ ജില്ലാ കളക്ടർ ഡിസാസ്റ്റർ മാനേജ്‌മെൻ്‌റ് ആക്ട് അനുസരിച്ച് കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. അടുത്തഘട്ട കൃഷിയിറക്കലുമായി ബന്ധപ്പെട്ട് പ്രളയത്തിൽ നശിച്ച സ്ലൂയിസുകളും കൾവൾട്ടുകളും പരമാവധി പുനർനിർമ്മിക്കാൻ അടിയന്തിര ഇടപെടൽ നടത്താനും യോഗം നിർദേശിച്ചു. പുഞ്ച സ്‌പെഷ്യൽ ഓഫീസർമാരെ മറ്റ് ജോലികൾക്ക് നിയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കുമെന്നും പൊന്നാനി മേഖലയിൽനിന്നുള്ള ഉദ്യോഗസ്ഥർ യോഗങ്ങളിൽ നിർബന്ധമായും പങ്കെടുക്കണമെന്നും കൃഷിമന്ത്രി പറഞ്ഞു.

കർഷക പ്രതിനിധികളുടെ ആവശ്യം പരിഗണിച്ച് സമിതിയുടെ ജനറൽ ബോഡി ഒക്‌ടോബർ 5 ന് തൃശൂർ ടൗൺഹാളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻെ്‌റ സാന്നിധ്യത്തിൽ നടത്താൻ തീരുമാനിച്ചതായി യോഗാധ്യക്ഷൻ ടി.എൻ. പ്രതാപൻ എം.പി. യോഗത്തിൽ അറിയിച്ചു. ഒപ്പം ഒക്‌ടോബർ മാസത്തിൽ തൃശൂർ മേഖലയിൽ 15000 തെങ്ങിൽ തൈകളും പൊന്നാനി മേഖലയിൽ 10000 തെങ്ങിൻൈതകളും വയ്ക്കുന്ന പരിപാടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ മുരളി പെരുനെല്ലി, അനിൽ അക്കര, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സബ്ബ് കളക്ടർ അഫ്‌സാന പർവീൺ, സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS