മദ്യ വില്‍പ്പന ഓണ്‍ലൈനാക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു

221

മദ്യ വില്‍പ്പന ഓണ്‍ലൈനാക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു. സര്‍ക്കാരിന് താല്‍പ്പര്യമില്ലെങ്കില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കില്ലെന്ന് ചെയര്‍മാന്‍ എം മെഹബൂബ് കോഴിക്കോട് പറഞ്ഞു. ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കുള്ള ശ്രമം വിവാദമായതോടെയാണ് തീരുമാനം ഉപേക്ഷിച്ചതെന്നാണ് സൂചന.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി എം മെഹബൂബ് സ്ഥാനമേറ്റ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയുള്ള തീരുമാനം എം മെഹബൂബ് പ്രഖ്യാപിച്ചത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 58 ഇനം മദ്യം ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീരുമാനം പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നത്. ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും കണ്‍സ്യൂമര്‍ ഫെഡിന്റെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തി. വിവിധ സാമൂഹ്യ സംഘടനകളും പൊതുജനങ്ങളും ഓണ്‍ലൈന്‍ മദ്യ വില്‍പനയില്‍ ആശങ്ക അറിയിച്ചിരുന്നു. പ്രതിഷേധം കനത്തതിനെ തുടര്‍ന്നാണ് തീരുമാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാറിന് താത്പര്യമില്ലെങ്കില്‍ ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നില്ലെന്നും ചെയര്‍മാന്‍ എം മെഹബൂബ് കോഴിക്കോട്ട് പറഞ്ഞു.

NO COMMENTS

LEAVE A REPLY