കണ്‍സ്യൂമര്‍ഫെഡ് അഴിമതി: മൂന്നു പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു

204

കാസര്‍കോട് • കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ഒാഫിസ് കെട്ടിടവും ഗോഡൗണും നവീകരിച്ചതില്‍ 44.47 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു മുന്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരുന്ന റിജി ജി. നായര്‍, കരാറുകാരായ കാഞ്ഞങ്ങാട് സ്വദേശി വി.എം. മനോഹരന്‍, കോഴിക്കോട് സ്വദേശി കെ.വി. നിധീഷ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് വിജിലന്‍സ് കേസെടുത്തത്. ഒരേ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി രണ്ടു തവണ പണം അനുവദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തിയത്.കാ‍ഞ്ഞങ്ങാട് മഡിയനിലുള്ള ത്രിവേണി ഗോഡൗണും റീജണല്‍ ഒാഫിസ് കെട്ടിടവും 2009-ല്‍ നവീകരണം നടത്തിയതിലാണ് ക്രമക്കേടു കണ്ടെത്തിയത്.നാലു മാസത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു കരാറുകാര്‍ക്ക് അന്നത്തെ മാനേജിങ് ഡയറക്ടര്‍ നിര്‍മാണ അനുമതി നല്‍കുകയായിരുന്നു. വി.എം. മനോഹരന്‍, കെ.വി. നിധീഷ് എന്നീ കരാറുകാര്‍ ചേര്‍ന്ന് 58.47 ലക്ഷം രൂപയുടെ നവീകരണ ജോലികള്‍ നടത്തിയെന്നാണു രേഖകളിലുള്ളത്.എന്നാല്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ വെറും 14 ലക്ഷം രൂപയുടെ ജോലി മാത്രമാണ് നടന്നതെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്.

NO COMMENTS

LEAVE A REPLY