കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി വിവാദത്തില്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത് പുറത്തുവന്നയുടനെ ആരോപണം നിഷേധിച്ചുകൊണ്ട് ഉണ്ണിത്താന്റെ സഹായിയും കോണ്‍ഗ്രസ് കൊല്ലം കുണ്ടറ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ പൃഥ്വിരാജ് കുണ്ടറ രംഗത്തുവന്നു. പണം താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ ഉണ്ണിത്താനെ വെല്ലുവിളിക്കുകയും ചെയ്തതോടെ ഫണ്ട് വെട്ടിപ്പ് വിവാദം കോണ്‍ഗ്രസില്‍ കലങ്ങിമറിയുകയാണ്.
ഉണ്ണിത്താനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് പൃഥ്വിരാജ് കുണ്ടറ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതോടെ വിവാദം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തനിക്ക് അഞ്ചു ലക്ഷം രൂപ തരാനുണ്ടെന്ന് ഉണ്ണിത്താന്റെ നാട്ടുകാരനായ സഹായി പൃഥ്വിരാജ് പറയുന്നു. ഉണ്ണിത്താന്റെ അനുയായികള്‍ തന്റെ ഭാര്യയെ ഫോണില്‍ ഭീഷണിപ്പെടുത്തുകയാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിച്ചശേഷം പൊലീസില്‍ പരാതി നല്‍കും. പണം തട്ടിയെന്ന പരാതി തെളിയിക്കാന്‍ നിന്നാല്‍ കുറെ വെട്ടിപ്പിന്റെ കഥകള്‍ തനിക്കും പറയേണ്ടിവരും. മൂന്ന് വര്‍ഷമായി ഉണ്ണിത്താന്റെ കൂടെയുണ്ട്.
സ്വന്തം കാറില്‍ സ്വന്തം ചെലവിലാണ് ഉണ്ണിത്താനെ കൊണ്ടുനടന്നത്. അങ്ങനെയുള്ള തന്നെയാണ് അധിക്ഷേപിച്ചതെന്നും ഇയാളെ കാസര്‍കോടുകാര്‍ ഒരിക്കലും വിശ്വസിക്കരുതെന്നും എഫ്.ബി പോസ്റ്റിലുണ്ട്. അതേസമയം പണം വെട്ടിച്ചുവെന്ന പരാതിയില്‍ മേല്‍പറമ്ബ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ആളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന് കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ പ്രതികരിച്ചു.
ഫണ്ട് തട്ടിയെടുത്തുവെന്ന പരാതി പുറത്തു വന്നതിന് പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ആരോപണം ഉന്നയിച്ച കൊല്ലം കുണ്ടറയിലെ പൃഥ്വിരാജിനെ കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സസ്‌പെന്‍ഡ് ചെയ്തു. കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.