കൊച്ചി: സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെതുടർന്ന് കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന് കൊച്ചിയിൽ വാർത്താ സമ്മേ ളനത്തിൽ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
രാവിലെ കോലും കൊണ്ട് തോപ്പുംപടിയിലെ ഒരു വീട്ടിൽപോയി പ്രതികരണം എടുത്തിട്ട് ഞങ്ങളോട് പ്രതികരണം മേടിക്കുന്നതും അവസാനിപ്പിച്ച് കൊള്ളണമെന്നും കോൺഗ്രസ് നേതാക്കളുടെ പിന്നാലെ മൈക്കും പിടിച്ചു നടന്ന് പ്രതികരണമെടുത്തുകൊടുക്കുന്നത് അവസാനിപ്പിച്ചു കൊള്ളണമെന്നും വി ഡി സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. കെ വി തോമസിന്റെ പ്രതികരണം മാധ്യമങ്ങൾ കൊടുക്കുന്നതിൽ അരിശംപൂണ്ടാണ് അദ്ദേഹം ഇതു പറഞ്ഞത്.
സ്ഥാനാർഥി നിർണയത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം മാധ്യമങ്ങൾ ചോദിച്ചതുകൊണ്ടാണെന്നും അത് ദീപ്‌തിയുടെ വിശ്വാസ്യതയാണു തകർത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി നിർണയം വൈകുന്നതിന്റെ വാർത്തകളിൽ സസ്‌പെൻസ് എന്ന് കൊടുത്തതുകൊണ്ടാണ് മാധ്യമങ്ങളോട് ഇത്രയും പറയേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു .