എറണാകുളം : തോട്ടം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് തൊഴിലാളികളുടെയും തോട്ടം ഉടമകളുടേയും സഹകരണവും കൂട്ടായ്മയും അനിവാര്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തോട്ടം നയത്തിനു മുന്നോടിയായി പുറത്തിറക്കിയ കരട് പ്ലാന്റേഷൻ നയം സംബന്ധിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോട്ടം മേഖലയുടെ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനു സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണ് സമഗ്രമായ പ്ലാന്റേഷൻ നയം ആവിഷ്‌കരിക്കാനുള്ള തീരുമാനം. മേഖലയുടെ സമഗ്ര പുരോഗതിക്ക് തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. തോട്ടങ്ങളുടെ തനിമ നഷ്ടപ്പെടാതെ വൈവിധ്യവത്കരണത്തിന്റെ മാർഗങ്ങൾ ആരായാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നയം വഴി ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിളകളുടെ വിലത്തകർച്ച രൂക്ഷമാണെങ്കിലും മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിലയാണ് നൽകേണ്ടി വരുന്നത്. ഇതിനു പരിഹാരമായി വിളകൾ സംഭരിക്കുകയും മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയും വേണം. ഉത്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണം, വിപണി കണ്ടെത്തൽ എന്നിവക്കുള്ള നിർദേശങ്ങൾ കരട് നയം മുന്നോട്ടുവയ്ക്കുന്നുണ്ട്. തോട്ടവിളകളുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിനായി വ്യവസായ വകുപ്പിനു കീഴിൽ നിലവിലുള്ള ക്ലസ്റ്റർ പദ്ധതികൾ തോട്ടം വിളകൾക്കും നടപ്പിലാക്കാൻ കഴിയും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ബ്രാന്റഡ് കോഫിയുടെ ചുവടുപിടിച്ച് തേയില ഉൽപാദന, സംഭരണ, വിതരണ മേഖലകളിൽ ഇടപെടാനും നയം ലക്ഷ്യം വെക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന തോട്ടം മേഖല പടിപടിയായി നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ചയ്ക്ക് കാരണം കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക നയമാണ്. അനിയന്ത്രിതമായ ഇറക്കുമതിയാണ് ഗുരുതരമായ പ്രഹരം. ഇറക്കുമതിയെ തുടർന്നുള്ള വിലത്തകർച്ചയ്‌ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ച ഈ പ്രശ്‌നങ്ങൾ മൂന്നു ലക്ഷത്തിലേറെ വരുന്ന തോട്ടംതൊഴിലാളികളുടെ ജീവിതത്തെയും സാരമായി ബാധിച്ചിരിക്കുന്നു. സംസ്ഥാനത്ത് 13 തോട്ടങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യങ്ങളെ മറികടക്കാനുള്ള ചുവടുവെയ്പ്പാണ് തോട്ടം നയം.
തോട്ടം വിളകൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനും ഉൽപന്നങ്ങളുടെ സംസ്‌കരണത്തിനും സംഭരണത്തിനും വിപണനത്തിനും സാധ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിലുള്ള ലേല സമ്പ്രദായത്തിൽ മാറ്റം വരുത്തി തോട്ടവിളകൾക്ക് ന്യായമായ വില നിശ്ചയിച്ച് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളുമായി ആശയവിനിമയം നടത്തി നടപടി സ്വീകരിക്കും.
പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കൽ, തോട്ടവിളകളുടെ വികസനത്തിനായി കോ-ഓർഡിനേഷൻ സമിതി, സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളെയും ഉൾപ്പെടുത്തി ഡേറ്റാ ബാങ്ക്, വ്യവസായ സംരംഭ ങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കൽ, എല്ലാ തോട്ടവിളകൾക്കും ഇൻഷ്വറൻസ് പരിരക്ഷ, തോട്ടങ്ങളുടെ പാട്ടക്കരാർ സമയ ബന്ധിതമായി പുതുക്കൽ, പൊതുമേഖലാസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള 24 തോട്ടങ്ങൾ ലാഭകരമായി നടത്താനുള്ള കർമ്മപദ്ധതി തുടങ്ങിയവ നയം മുന്നോട്ടുവെക്കുന്നു.
പൊതു-സ്വകാര്യ മേഖലകളിലെ ഏറ്റവും വലിയ തൊഴിൽ ദാതാവെന്ന നിലവിൽ തോട്ടം മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലേയ്ക്കായി തൊഴിലാളികൾക്കായി നൈപുണ്യ വികസന പദ്ധതികൾക്ക് സർക്കാർ രൂപം നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികൾ തോട്ടം മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കും. എല്ലാ തോട്ടങ്ങളെയും ഉൾപ്പെടുത്തി ഡേറ്റാ ബാങ്ക് രൂപീകരിക്കും. വ്യവസായ സംരംഭങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കുന്നതിന് വ്യവസായ വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കും. എല്ലാ തോട്ടവിളകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
തോട്ടങ്ങളുടെ അടിസ്ഥാനഘടനയിൽ ഒരു മാറ്റവും വരാത്തവിധം ടൂറിസംപരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഫാം ടൂറിസം പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. പ്ലാന്റേഷൻ നയം കേരളത്തിന്റെ തോട്ടം മേഖലയ്ക്കു പുതുജീവൻ നൽകുമെന്ന് ഉറപ്പാണ്. പ്രതിസന്ധികൾക്കു മുമ്പിൽ പകച്ചുനിൽക്കാതെ തോട്ടം മേഖലയെ അഭിവൃദ്ധിപ്പെടുത്തി തൊഴിലും വ്യവസായവും സംരക്ഷിക്കാൻ കഴിയുമെന്ന് സർക്കാരിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോട്ടം പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് എൻ. കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിന്റെ യും ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി ശുപാർശകളുടെയും അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചുവരുന്നു. പ്ലാന്റേഷൻ ടാക്‌സ് പൂർണ്ണമായും ഒഴിവാക്കുകയും തോട്ടം മേഖലയിൽ നിന്ന് കാർഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. റബ്ബർ മരം മുറിച്ചു മാറ്റുമ്പോൾ 2500 രൂപ വീതം സീനിയറേജായി ഈടാക്കിയിരുന്നത് ഒഴിവാക്കി. തോട്ടം തൊഴിലാളി ലയങ്ങളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ലൈഫ് ഭവനപദ്ധതിയുടെ മാർഗരേഖകൾക്ക് വിധേയമായി, തൊഴിലാളികൾക്ക് ആവശ്യമായ വാസഗൃഹങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ തൊഴിൽ വകുപ്പ് നടത്തിയ സർവെയിൽ 32,454 തൊഴിലാളികൾക്ക് വീടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിരമിച്ച തൊഴിലാളികളിൽ 53,48 പേർക്ക് സ്വന്തമായി വീടില്ല. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി എല്ലാ തൊഴിലാളികൾക്കും വീട് നൽകാനാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ഇടുക്കി ജില്ലയിൽ കുറ്റിയാർവാലിയിൽ ഭവന പദ്ധതി പ്രകാരം അഞ്ച് വീടുകൾ നൽകിക്കഴിഞ്ഞു. അവിടെ ഭവന പദ്ധതി പുരോഗമിക്കുകയാണ്. സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളികൾക്ക് ഭവനപദ്ധതി നടപ്പാക്കുന്നതിന് ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ അഞ്ച് ഏക്കർ 49 സെന്റ് റവന്യൂ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ജില്ലയിൽ തോട്ടം തൊഴിലാളികൾക്ക് കേരള സംസ്ഥാന ബിവറേജസ് കോർപറേഷന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് വിനിയോഗിച്ച് 100 വീടുകൾ നിർമിക്കും. ഇതിനുപുറമെ വയനാട്ടിലും പീരുമേട്ടിലും ഭവന പദ്ധതിക്കായി ഭൂമി കണ്ടെത്താനുള്ള നടപടി സ്വീകരിച്ചുവരുന്നു. പുനലൂർ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസിനു കീഴിലുള്ള തൊഴിലാളികൾക്ക് ഭവനം ഫൗണ്ടേഷന്റെ ഓൺ യുവർ ഓൺ ഹൗസിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തോട്ടം തൊഴിലാളികളുടെ വേതനത്തിൽ 2019 ജനുവരി മുതൽ മുൻകാലപ്രാബല്യത്തോടെ പ്രതിദിനം 52 രൂപ വീതം വർധനവ് വരുത്തിയിട്ടുണ്ട്. പ്ലാന്റേഷൻ ലേബർ കമ്മിറ്റി ശക്തിപ്പെടുത്തി തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളിൽ പുതുക്കി നിശ്ചയിക്കാൻ നടപടി സ്വീകരിക്കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് പ്ലാന്റേഷൻ വർക്കേഴ്‌സ് റിലീഫ് ഫണ്ട് കമ്മറ്റി മുഖേന നൽകിവരുന്ന ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾ അപകടത്തിനിരയായാൽ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. പൂർണമായ അംഗവൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപയും ഭാഗിക അംഗവൈകല്യം നേരിട്ടാൽ കുറഞ്ഞത് 50,000 രൂപയും സഹായം നൽകും. മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതർക്കുള്ള ധനസഹായം പതിനായിരം രൂപയിൽ നിന്ന് ഒരു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റവന്യൂ, വനം, തൊഴിൽ, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി, കാർഷികം എന്നീ വകുപ്പുകളുമായി സഹകരിച്ച് തോട്ടം മേഖലയുടെ ശാക്തീകരണത്തിന് നടപടി സ്വീകരിക്കും. ഇവയുടെ ഏകോപനത്തിനായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപികരിക്കും. വിവിധ തോട്ടവിളകളുടെ വികസനത്തിനായി കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ടീ-ബോർഡ്, റബ്ബർ ബോർഡ്, കോഫി ബോർഡ്, സ്‌പൈസസ് ബോർഡ് എന്നിവയുടെ പ്രതിനിധികളും സർക്കാർ പ്രതിനിധികളും തൊഴിലാളി തൊഴിലുടമാ പ്രതിനിധികളും ഉൾപ്പെട്ട കോ-ഓർഡിനേഷൻ സമിതി സർക്കാർ തലത്തിൽ രൂപീകരി ക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയിൽ നടന്ന ചടങ്ങിൽ കിലെ എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗം പി.കെ. അനിൽകുമാർ അധ്യക്ഷ നായിരുന്നു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ മുഖ്യ പ്രഭാഷണം നടത്തി. പ്ലാനിങ് ബോർഡ് അംഗം ഡോ. രവിരാമൻ പ്രത്യേക പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെ.ജെ. ജേക്കബ് എന്നിവർ ആശംസാ പ്രസംഗം നടത്തി.
അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാൽ സ്വാഗതവും കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. ഷജീന കൃതജ്ഞ തയും രേഖപ്പെടുത്തി. ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ആർ. പ്രമോദ് വിഷയാവതരണം നടത്തി. കെ. ചന്ദ്രൻപിള്ള, ആർ. ചന്ദ്രശേഖരൻ, വാഴൂർ സോമൻ, ബി. വിജയൻ, പി.പി.എ. കരീം, ബി.പി. കരിയപ്പ എന്നിവർ പാനൽ ചർച്ചയിൽ മോഡറേറ്റർമാരായിരുന്നു.